പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ വിവാഹാഘോഷത്തിനിടെ ചാവേര്‍ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഖുറേഷി മോറിനടുത്തുള്ള സമാധാന സമിതി മേധാവിയായ നൂര്‍ ആലം മെഹ്സൂദിന്‍റെ വസതിയില്‍ നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ പോലീസ് ഓഫിസർ ദേര ഇസ്മായിൽ ഖാൻ സജ്ജാദ് അഹമ്മദ് സാഹിബ്‌സാദ സ്ഥിരീകരിച്ചു. 

ആക്രമണം നടക്കുമ്പോൾ അതിഥികൾ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര തകർന്നുവീണു. ഇത് രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്കെത്താന്‍ ബ്രയാസമുണ്ടാക്കുകയും ചെയ്തു. അഞ്ച് മൃതദേഹങ്ങളും പരുക്കേറ്റ 10പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ഖൈബർ പഖ്തൂൺഖ്വ റെസ്‌ക്യൂ 1122 വക്താവ് ബിലാൽ അഹമ്മദ് ഫൈസി പ്രസ്താവനയിൽ പറഞ്ഞു. 

സംഭവത്തെത്തുടര്‍ന്ന് അധികൃതർ പ്രദേശം വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരിച്ചവരിൽ സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്‌സൂദ് എന്ന ജിഗ്രി മെഹ്‌സൂദും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്‌ഫോടനത്തെ ശക്തമായി അപലപിക്കുകയും കെപി ഇൻസ്‌പെക്ടർ ജനറലിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം, കെപിയിലെ ബന്നു ജില്ലയിൽ ഒരു സമാധാന സമിതിയിലെ നാല് അംഗങ്ങളെ സായുധരായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. 2025 നവംബറിൽ, കെപിയിലെ ബന്നു ജില്ലയിലും ഒരു സമാധാന സമിതി ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

Pakistan blast kills five and injures ten in Khyber Pakhtunkhwa province during a wedding celebration. The suicide bombing targeted a peace committee leader's residence, prompting an investigation and condemnation from officials