കിരൺ ജെയിംസ് ഇനി ലോക കേരള സഭാ അംഗം. നടൻ മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയുമായ കിരൺ ജെയിംസാണ് ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
നവോദയ ഓസ്ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗമായും കേരള ബിസിനസ് ആൻഡ് പ്രഫഷനൽ ചേംബർ ഓസ്‌ട്രേലിയയുടെ (KBPCA Ltd) സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്ന കിരൺ ജെയിംസ് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഓസ്ട്രേലിയയിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ മുഖമാണ്. നവോദയ ഓസ്‌ട്രേലിയയാണ് കിരണിനെ ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് കേരള നിയമസഭയിൽ വെച്ചാണ് അഞ്ചാം ലോക കേരളസഭ നടക്കുന്നത്.
പുതിയ ഉത്തരവാദിത്വം ഓസ്ട്രേലിയയിലെ മലയാളികളുടെ ക്ഷേമത്തിനും സമൂഹ വികസനത്തിനുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രചോദനം നൽകുന്നുവെന്നും കിരൺ ജെയിംസ് പ്രതികരിച്ചു.
ഓസ്ട്രേലിയയിലെ കുടിയേറ്റ മലയാളികളുടെ നാട്ടിലുള്ള ബന്ധുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഫാമിലി കണക്ട് പദ്ധതി രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് നടപ്പാക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് പ്രയോജനമായ ഈ പദ്ധതിയുടെ ദേശീയ കോർഡിനേറ്ററായിരുന്ന ജിൻസൺ ആന്റോ ചാൾസ് മുൻപ് നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രിയും ആയി സ്ഥാനമേറ്റിരുന്നു.