This photo released from State Railway of Thailand, shows aid workers after a construction crane fell into a passenger train in Nakhon Ratchasima province, Thailand Wednesday, Jan. 14, 2026. (State Railway of Thailand via AP)
ബാങ്കോക്കില്‍ നിന്ന് തായ്‌ലന്‍ഡിന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് പോയ ട്രെയിന്‍ ക്രെയിന്‍ വീണ് പാളം തെറ്റി 22 പേര്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാഖോണ്‍ രാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്. ക്രുങ് തെപ് അഫിവത് സ്റ്റേഷനില്‍ നിന്ന് ഉബോണ്‍ രത്ചത്‌തനിയിലേക്കുള്ള പ്രത്യേക ട്രെയിനായിരുന്നു ഇത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച കൂറ്റന്‍ ക്രെയിന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്ന് ട്രെയിന്‍റെ ബോഗിക്ക് മേല്‍ വീണാണ് അപകടം.
അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനായി എത്തിച്ചതായിരുന്നു ക്രെയിന്‍. ക്രെയിന്‍ വന്ന് വീണ ആഘാതത്തില്‍ ട്രെയിന് തീ പിടിച്ചു. തീ അതിവേഗം അണയ്ക്കാന്‍ കഴിഞ്ഞുവെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 195 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ചതായി തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രിയും ഗതാഗതമന്ത്രിയുമായ പിഫത് രത്ചകിത്പ്രകന്‍ പറഞ്ഞു.