TOPICS COVERED

 ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയിലെ ഹിന്ദുനേതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഗായകനും അവാമി ലീഗ് നേതാവുമായ പ്രൊലോയ് ചാകി (60) ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ സര്‍ക്കാരും ജയില്‍ അധികൃതരുമാണ് ഉത്തരവാദികളെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

2024ല്‍ ഷെയ്ഖ് ഹസീനയെ നാടുകടത്താന്‍ കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട സ്ഫോടനക്കേസിലാണ് ചാകിയെ പൊലീസ് പിടികൂടി ജയിലിലടച്ചത്. പാര്‍ട്ടിയുടെ പബ്ന ജില്ലയിലെ സാംസ്കാരികകാര്യ സെക്രട്ടറിയായിരുന്നു ചാകി. ബംഗ്ലദേശി ദിനപത്രമായ ദ് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച രാജ്‌ ഷാഹി മെഡിക്കല്‍ കോളജില്‍വച്ചാണ് ചാകി മരിച്ചത്.

പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് ചാകിയുടെ അന്ത്യം സംഭവിച്ചതെന്ന് പബ്ന ജയില്‍ സൂപ്രണ്ട് ഒമര്‍ ഫറൂഖ് അറിയിച്ചു. എന്നാല്‍ കൃത്യമായ സമയത്ത് ചാക്കിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ ചാകിയെ ആദ്യം പബ്ന സദാര്‍ ആശുപത്രിയിലേക്കും പിന്നീട് രാജ്ഷാഹി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി 9 മണിക്കാണ് ചാക്കിയുടെ അന്ത്യം സംഭവിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഗായകനും സംഗീത സംവിധായകനുമായാണ് ചാകി അറിയപ്പെട്ടിരുന്നത്. ശ്രീ ശ്രീ റാംകൃഷ്ണ ഷേബാശ്രം സെക്രട്ടറിയായും അദ്ദേഹം പദവി വഹിച്ചിരുന്നു. ഏത് കേസിലാണെന്നു പോലും കൃത്യമായി പറയാതെയാണ് ചാകിയെ പൊലീസ് പിടികൂടിയിരുന്നതെന്ന് ചാകിയുടെ മകന്‍ സോണി ചാകി ആരോപിച്ചു. കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച ഒരു ഹിന്ദുയുവാവ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Proloy Chaki's death is a controversial incident involving the death of an Awami League leader in police custody in Bangladesh. His family alleges negligence, sparking concerns about political and minority rights.