london-pigeons

Image Credit : Twitter

പ്രാവിന് തീറ്റകൊടുത്തതിന്‍റെ പേരില്‍ ലണ്ടന്‍ സ്വദേശിനിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 40കാരിയായ യുവതിയുടെ കൈകളില്‍ വിലങ്ങണിയിച്ച് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങിളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലണ്ടനിലെ ഹാരോയിലാണ് സംഭവം. പൊലീസും കൗൺസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഹാരോയിലെ വീല്‍ഡ്സ്റ്റോണ്‍ ഹൈസ്ട്രീറ്റില്‍ ബുധനാഴ്ച്ചയാണ് സംഭവം. നഗരമധ്യത്തില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആഹാരം നല്‍കരുതെന്ന നിയമം ലംഘിച്ചുകൊണ്ടായിരുന്നു യുവതി പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ലണ്ടന്‍ പൊലീസ് പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതായി ചൂണ്ടിക്കാട്ടി 100 പൗണ്ട് യുവതിക്ക് പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ തന്‍റെ പേരോ വിലാസമോ നല്‍കാന്‍ യുവതി തയാറാകാഞ്ഞതോടെയാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് പൊലീസ് വിലക്കിയിട്ടും യുവതി ബ്രഡ് കഷ്ണങ്ങള്‍ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞത് പൊലീസ് അധികൃതരെ വീണ്ടും പ്രകോപിപ്പിച്ചു. ഇതോടെയാണ് യുവതിയെ കൈവിലങ്ങണിയിച്ച് പൊലീസ് വാനിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് യുവതിയോട് പേരും വിലാസവും ചോദിച്ചറിഞ്ഞ പൊലീസ് യുവതിയ്ക്ക് പിഴ ചുമത്തിയ ശേഷം വിട്ടയച്ചു. 28 ദിവസങ്ങള്‍ക്കുളളില്‍ യുവതി  100 പൗണ്ട് പിഴയടയ്ക്കണം. ലണ്ടനിലെ പൊതുഇടങ്ങളിലും ചില നിര്‍ദിഷ്ട പ്രദേശങ്ങളിലും വച്ച് പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും തീറ്റ നൽകുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് ഹാരോ ടൗൺ ആൻഡ് ഡിസ്ട്രിക്റ്റ് സെന്റർ അറിയിച്ചിരിക്കുന്നത്. ഭിക്ഷാടനം, പൊതു ഇടങ്ങളിൽ വാണിജ്യ മാലിന്യങ്ങൾ ഉപേക്ഷിക്കൽ എന്നിവയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതേസമയം യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത വിഡിയോ പുറത്തുവന്നതിന് പിന്നാലെ ലണ്ടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സൈബറിടത്ത് വിമര്‍ശനവും ഉയരുന്നുണ്ട്. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അത്ര വലിയ തെറ്റാണോ എന്നാണ് സോഷ്യലിടത്തെ ഒരു വിഭാഗത്തിന്‍റെ ചോദ്യം.

ENGLISH SUMMARY:

Pigeon feeding arrest in London, where a woman was taken into custody for feeding pigeons. The incident sparks debate over public space regulations and police action.