യൂറോപ്പിനെ മരവിപ്പിച്ച് അതിശൈത്യം. ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലെന്‍ഡ്, അയര്‍ലെന്‍ഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം മഞ്ഞില്‍ മൂടി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലാവസ്ഥ ഇത്രയും രൂക്ഷമാകുന്നത്. ജർമ്മനിയിൽ താപനില മൈനസ് 10 ഡിഗ്രി സെൽസ്യസിലും താഴെയെത്തി. ശൈത്യക്കാറ്റിലും റോഡ് അപകടങ്ങളിലും ഒട്ടേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി
കാണുമ്പോള്‍ അതിമനോഹരമെന്ന് തോന്നുമെങ്കിലും മഞ്ഞില്‍ വലയുകയാണ് യൂറോപ്പ്. ഇംഗ്ലണ്ടില്‍ മൈനസ് 12.5 ഡിഗ്രി വരെ രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയെന്ന് അധികൃതര്‍ അറിയിക്കുന്നത്. സ്കൂളുകള്‍ ഉള്‍പ്പെടെ അടച്ചു. യാത്രാ തടസം വ്യാപകം. വടക്കന്‍ സ്ക്വോട്‍ലന്‍ഡ്, നോര്‍ത്ത് അയര്‍ലന്‍ഡ് ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളിലും സുരക്ഷാ മുന്നറിയിപ്പുണ്ട്.
നാല്‍പ്പത് സെന്റീമീറ്ററിലധികം മഞ്ഞ് വീണ പ്രദേശങ്ങളുമുണ്ട്. റെയില്‍ പാതകള്‍ കാണാനില്ല. പാരിസ് പുതച്ചുറങ്ങുകയാണ്. ട്രാക്കുകളിലെ പോയിന്റുകൾ തണുത്തുറഞ്ഞതോടെ നെതർലൻഡ്‌സിലെ ട്രെയിൻ ഗതാഗതം താറുമാറായി. വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. റൺവേകളിലെ മഞ്ഞു നീക്കം ചെയ്യുന്നതിനും വിമാനങ്ങളിലെ ഐസ് ഉരുക്കിക്കളയുന്നതിനും തീവ്രശ്രമം. ബ്രിട്ടനില്‍ കുതിരപ്പന്തയങ്ങളും ഫുട്ബോൾ മത്സരങ്ങളും റദ്ദാക്കി.
വടക്കൻ സ്കോട്ട്ലൻഡിൽ നിരവധിപ്പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്. വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ റോഡ് യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് എല്ലാ രാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് സെർബിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.