വെനസ്വേലയില്‍ നിക്കോളാസ് മഡുറോയ്ക്ക് പകരം പുതിയ പ്രസിഡന്റ് ചുമതലയേറ്റെങ്കിലും അംഗീകരിക്കാതെ പ്രതിപക്ഷപാര്‍ട്ടികള്‍. ഡെല്‍സി റോഡ്രിഗസിനെ വിശ്വസിക്കാനാകില്ലെന്ന് നൊബേല്‍ സമ്മാനജേതാവും പ്രതിപക്ഷനേതാവുമായ മരിയ മച്ചോഡ പറഞ്ഞു. പ്രതിപക്ഷപ്രതിഷേധം കണക്കിലെടുത്ത് കാരക്കസ് കനത്ത സുരക്ഷാവലയത്തിലാണ്.
മാറിയത് നിക്കോളാസ് മഡുറോ മാത്രം. മഡുറോയുടെ വിശ്വസ്ത ഡല്‍സി റോഡിഗ്രസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് പ്രതിപക്ഷ പ്രതിഷേധം കനക്കുന്നത്. നിയമവിരുദ്ധമായി അധികാരത്തിലേറിയ മഡുറോയ്ക്ക് പിന്‍ഗാമിയായി വന്ന ഡല്‍സിയെ അംഗീകരിക്കില്ലെന്നാണ് നിലപാട്. പ്രതിപക്ഷനേതാവ് മരിയ മച്ചോഡ ഉടന്‍ കാരക്കസിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മഡുറോയെപ്പോലെ ഡല്‍സിയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കാരക്കസിലടക്കം വന്‍ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത 14 മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചെന്ന് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷന്‍ അറിയിച്ചു. ഡല്‍സിക്ക് പിന്തുണയുമായി മഡുറോയുടെ മകന്‍ രംഗത്തെത്തി. അതിനിടെ, മഡുറോ പുറത്തായതിന് പിന്നാലെ വെനസ്വേലന്‍ ഓഹരിവിപണികളില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. കാരക്കസ് സ്റ്റോക് എക്സ്ചേഞ്ച് സൂചിക ബി.വി.സി 17 ശതമാനമാണ് മുന്നേറിയത്. ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. അതേസമയം, വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടൽ രാജ്യാന്തര നിയമലംഘനമെന്നും ലോക സുരക്ഷയ്ക്ക് ഭീഷണിയെന്നും യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. യുഎസ് ഇടപെടൽ ലോകത്തെ കൂടുതൽ അരക്ഷിതമാക്കുന്നു. ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിനുമേല്‍ നടത്തുന്ന സൈനികനടപടി രാജ്യാന്തരനിയമത്തിന്റെ അടിസ്ഥാനതത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും യുഎന്‍ പ്രതികരിച്ചു.