ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പാകിസ്ഥാനും ഒരു ജെൻ സി വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഇതുവരെ ലോകം കണ്ടതുപോലെ തെരുവിലിറങ്ങിയുള്ള ഒരു ജെൻ സി പ്രക്ഷോഭമല്ല പാകിസ്ഥാനിലേത്, മറിച്ച് ഒരു നിശബ്ദ വിപ്ലവമാണ്. പാകിസ്ഥാൻ സർക്കാരും സൈന്യവും അവകാശപ്പെടുന്ന ഭരണ നേട്ടങ്ങളിൽ യുവാക്കൾ ആകൃഷ്ടരാകുന്നില്ല എന്ന് വ്യക്തമാക്കുന്ന പിഎച്ച്ഡി വിദ്യാർഥിയുടെ ഒരു ലേഖനം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഇത്തരമൊരു ജെൻ സി വിപ്ലവം രാജ്യത്ത് ആരംഭിച്ചത്.
അഭിനേതാക്കളായ ദമ്പതികളുടെ മകനും യുഎസിലെ ഒരു പിഎച്ച്ഡി വിദ്യാർഥിയുമായ സൊറൈൻ നിസാനി എഴുതിയ ലേഖനം, ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് പാകിസ്ഥാൻ സർക്കാർ അത് നീക്കം ചെയ്തത്. സൈന്യത്തിന്റെ നിർദ്ദേശപ്രകാരം, മണിക്കൂറുകൾക്കുള്ളിൽ ലേഖനം നീക്കം ചെയ്യപ്പെട്ടതോടെ, പാകിസ്ഥാനിൽ ഒരു ജെൻ സി കൊടുങ്കാറ്റ് അടിക്കുകയും സൊറൈൻ ഒരു ദേശീയ യുവ ഐക്കണായി ഉയരുകയും ചെയ്തു.
'ഇറ്റ് ഈസ് ഓവർ' എന്ന തലക്കെട്ടിലുള്ള ലേഖനം ജനുവരി 1 ന് ഇംഗ്ലീഷ് ദിനപത്രമായ 'ദി എക്സ്പ്രസ് ട്രിബ്യൂൺ' ആണ് പ്രസിദ്ധീകരിച്ചത്. ലേഖനം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും, പത്ര ക്ലിപ്പിംഗിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സൈന്യം സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ അടിച്ചമർത്തുന്നതിനും പേരുകേട്ട രാജ്യത്ത് ഇതോടെ ലേഖനം ഒരു ട്രെൻഡിംഗ് വിഷയമായി മാറി.
പാകിസ്ഥാനിലെ ഭരണവർഗത്തിനും യുവാക്കൾക്കും ഇടയിൽ വളർന്നുവരുന്ന അകൽച്ചയെക്കുറിച്ചാണ് സോറൈൻ തന്റെ ലേഖനത്തിൽ പരാമർശിച്ചത്. 'ഭരണത്തിലിരിക്കുന്ന പ്രായമായവരുടെ കാലം കഴിഞ്ഞു. യുവതലമുറ നിങ്ങൾ പറയുന്നതൊന്നും കേൾക്കുന്നില്ല. ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കാൻ സ്‌കൂളുകളിലും കോളേജുകളിലും നിങ്ങൾ എത്ര പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചാലും അതൊന്നും കുട്ടികൾ അംഗീകരിക്കുന്നില്ല" -അർക്കൻസാസ് സർവകലാശാലയിൽ ക്രിമിനോളജിയിൽ പിഎച്ച്ഡി ചെയ്യുന്ന സൊറൈന്റെ ലേഖനത്തിൽ പറയുന്നു.
തുല്യ അവസരങ്ങളും, മികച്ച അടിസ്ഥാന സൗകര്യങ്ങളും, കാര്യക്ഷമമായ സംവിധാനങ്ങളും ഉണ്ടാകുമ്പോഴാണ് ദേശസ്‌നേഹം സ്വാഭാവികമായി വരുന്നത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും അഴിമതിയും നേരിടുന്ന ജനതയെ കുറിച്ചും പാകിസ്ഥാനിലെ സിവില്‍-സൈനിക ഭരണത്തിന്റെ പരാജയത്തെക്കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു ലേഖനം. ജെൻ സിയ്ക്കും ജെൻ ആൽഫയ്ക്കും അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ച് രാഷ്ട്രീയമായി കൂടുതൽ ബോധമുണ്ടെന്നും സൊറൈൻ കുറിച്ചിരുന്നു.
ലേഖനം നീക്കം ചെയ്തതിനെ അപലപിച്ച് പാകിസ്ഥാൻ പൗരന്മാരും പ്രമുഖ പത്രപ്രവർത്തകരും രംഗത്തെത്തി. പാകിസ്ഥാൻ ആക്ടിവിസ്റ്റ് മെഹ്‌ലഖ സാംദാനി ലേഖനം പിൻവലിക്കുന്നതിനെ ശക്തമായി വിമർശിച്ചു. സൊറൈൻ നിസാനിയുടെ മികച്ച ലേഖനമാണെന്ന് മുൻ പാകിസ്ഥാൻ മന്ത്രി മൂണിസ് ഇലാഹി ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലേഖനത്തിന് പ്രാധാന്യം നൽകി.