Image Credit: Molly Riley/The White House via AP
വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കി കൊണ്ടുപോയതിന് പിന്നാലെ ഭരണം തങ്ങള്‍ നിര്‍വഹിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകളെ തള്ളി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റുബിയോ. നിലവില്‍ പ്രതിദിനമുള്ള ഭരണം നിര്‍വഹിക്കാന്‍ പറ്റിയ സ്ഥിതിയല്ല യുഎസിനുള്ളതെന്ന് വ്യക്തമാക്കിയ റുബിയോ, വെനസ്വേലയില്‍ നിന്നുള്ള ഇന്ധന ഉപരോധം തുടരുമെന്നും വ്യക്തമാക്കി. ഇക്കാര്യമാണ് ട്രംപ് സൂചിപ്പിച്ചതെന്നും അല്ലാതെ നേരിട്ടുള്ള ഭരണനിര്‍വഹണം അല്ലെന്നുമാണ് റുബിയോയുടെ വിശദീകരണം. 'ലിബിയയിലെയോ, ഇറാഖിലെയോ അഫ്ഗാനിലെയോ പോലെ അല്ല സ്ഥിതി. ഇത് മധ്യപൂര്‍വേഷ്യയുമല്ല. ഇവിടെ യുഎസ് ലക്ഷ്യം മറ്റൊന്നാണ് ഇത് പാശ്ചാത്യമേഖലയാണെ'ന്നും റുബിയോ കൂട്ടിച്ചേര്‍ത്തു.
സുരക്ഷിതവും നീതിയുക്തവുമായ ഭരണം വരുന്നത് വരെ വെനസ്വേല തങ്ങള്‍ ഭരിക്കുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്നും വെനസ്വേലയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത് യുഎസില്‍ വലിയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമാണ് വഴിവച്ചത്. ഇതിന് പിന്നാലെയാണ് റുബിയോയുടെ വിശദീകരണം.
രണ്ടുമണിക്കൂറിലേറെ നീണ്ട സൈനിക ഓപ്പറേഷനൊടുവിലാണ് മഡുറോയെയും ഭാര്യ ഫ്ലോറെസിനെയും പിടിച്ചെടുത്ത് ആദ്യം കപ്പലിലേക്കും അവിടെ നിന്ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടവറയിലേക്കും ട്രംപ് മാറ്റിയത്. ലഹരി–ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചുവെന്നും യുഎസിലേക്ക് വന്‍തോതില്‍ ലഹരി കയറ്റി അയച്ചുവെന്നും കൊക്കെയ്ന്‍ ഇറക്കുമതി ചെയ്തുവെന്നുമെല്ലാമുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്. ലഹരികൊണ്ടുള്ള യുദ്ധം മഡുറോ നടത്തുന്നതായി യുഎസ് നിരന്തരം ആരോപിച്ചിരുന്നുവെങ്കിലും മഡുറോ ഇത് നിഷേധിച്ചിരുന്നു. വെനസ്വേലയിലെ എണ്ണയില്‍ കണ്ണുവച്ചാണ് ട്രംപ് എത്തുന്നതെന്നും അതിന് മറയായി മാത്രമാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു മഡുറോയുടെ നിലപാട്. ലോകത്തെ അസംസ്കൃത എണ്ണയുടെ 20 ശതമാനത്തോളം വെനസ്വേലയിലാണ് ഉള്ളത്.
മഡുറോയെ പിടിച്ചുകൊണ്ടുപോയതിന് പിന്നാലെ വൈസ് പ്രസിഡന്‍റായ ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്‍റായി വെനസ്വേലന്‍ സുപ്രീംകോടതി നിയമിച്ചിരുന്നു. യുഎസ് പറയുന്നത് പോലെ ചെയ്യുമെന്നായിരുന്നു നിലപാട്. എന്നാല്‍ റോഡ്രിഗസാവട്ടെ, ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ വെനസ്വേലയ്ക്ക് ഒരു പ്രസിഡന്‍റേയുള്ളൂവെന്നും അത് മഡുറോ മാത്രമാണെന്നും പ്രഖ്യാപിച്ചു.
Google Trending Topic: maduro venezuela news