അരമണിക്കൂര്‍ കൊണ്ട് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ 'ഓപ്പറേഷന്‍ അബ്സല്യൂട്ട് റീസോള്‍വ്'. 30 മിനിറ്റ് കൊണ്ട് എല്ലാം പൂര്‍ത്തിയാക്കി യു.എസ് സൈന്യം മടങ്ങിയെങ്കിലും സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ചാരക്കണ്ണിലാണ് മഡൂറോ ആദ്യം കുടുങ്ങിയത്.
മാസങ്ങള്‍ക്ക് മുന്‍പ് സിഐഎയുടെ ചെറിയ സംഘം വെനസ്വേലയിലേക്ക് കടന്നിരുന്നു. കാരക്കസില്‍ രഹസ്യനീക്കം നടത്തിയ സിഐഎ മഡുറോയുടെ ദിനചര്യകളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ശേഖരിച്ചു. പ്രസിഡന്‍റുമായി അടുത്ത വൃത്തങ്ങളിലുള്ള ഒരാളുടെ സഹായത്തോടെ മഡൂറോയുടെ ശീലങ്ങൾ, താമസസ്ഥലം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചും സിഐഎയ്ക്ക് ധാരണ ലഭിച്ചു. ഓപ്പറേഷന്‍ അബ്സല്യൂട്ട് റീസോള്‍വിന്‍റെ നട്ടെല്ലായത് സിഐഎയുടെ ഈ വിവരങ്ങളാണ്.
മഡൂറോ എവിടെയാണ് ഉറങ്ങുന്നതെന്നും എത്ര ഇടവേളകളില്‍ താമസസ്ഥലം മാറുന്നുവെന്നും ഏത് സ്ഥലമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും യു.എസ് സൈന്യത്തിന് വിവരമുണ്ടായിരുന്നു. സ്റ്റീല്‍ത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകള്‍ കാരക്കസിന് മുകളിലൂടെ പറന്ന് ബാക്കിയുള്ള വിവരങ്ങളും ശേഖരിച്ചു. മഡൂറോ എവിടേക്ക് പോകുന്നു, എന്താണ് കഴിച്ചത്, ഏത് വളര്‍ത്തുമൃഗമാണ് ഒപ്പമുള്ളത് എന്നീ വിവരങ്ങള്‍ പോലും സിഐഎയുടെ കയ്യിലുണ്ടായിരുന്നു എന്നാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌ന്‍ പറഞ്ഞത്.
സൈനിക ചുമതല ആർമി ഡെൽറ്റാ ഫോഴ്സിനെയാണ് ഏൽപ്പിച്ചത്. മഡുറോയുടെ താമസസ്ഥലത്തിന്റെ അതേ മാതൃകയിൽ കെന്റക്കിയിൽ കെട്ടിടം നിര്‍മിക്കുകയും ആഴ്ചകളോളം ഇതില്‍ പരിശീലിക്കുകയും ചെയ്തു. സ്റ്റീല്‍ ഡോറുകള്‍ തകര്‍ക്കാനും ഇടുങ്ങിയ വഴികളിലൂടെ നീങ്ങി ശത്രുക്കളെ പ്രതിരോധിച്ച് പുറത്തെത്താനും പരിശീലനം നടത്തി. വെനിസ്വേലൻ സേനയ്ക്ക് തിരിച്ചടിക്കാന്‍ സാധിക്കുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതായിരുന്നു മാസ്റ്റര്‍ പ്ലാന്‍.
ഇതിനിടയില്‍ പ്രതിസന്ധിയായത് മഡുറോയുടെ ചലനങ്ങളാണ്. പല സ്ഥലങ്ങളിലായി മഡുറോ മാറി മാറി സഞ്ചരിച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെയായിരുന്നു മഡുറോയുടെ യാത്രകള്‍. ശനിയാഴ്ച വൈകുന്നേരം വരെ മഡുറോ രാത്രി എവിടെ ചെലവഴിക്കും എന്ന് യുഎസ് സൈന്യത്തിന് കൃത്യമായ ധാരണയില്ലായിരുന്നു. തിരഞ്ഞെടുത്ത സ്ഥലത്ത് മഡുറോയുടെ സാന്നിധ്യം ഇന്റലിജൻസ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ മാത്രമേ സൈനിക നടപടി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ക്രിസ്മസ് ദിവസം ട്രംപ് സൈനിക നടപടിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും വൈകാന്‍ കാരണം ഇതായിരുന്നു.
അവധിക്കാലമായതിനാല്‍ വെനിസ്വേലൻ സർക്കാർ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും അവധിയിലായിരുന്നു. ഇത് ചെറുത്തുനിൽപ്പിനുള്ള സാധ്യത കുറച്ചു. വെള്ളിയാഴ്ച രാത്രി 10.46 ന് ട്രംപ് അന്തിമ അനുമതി നൽകി. ഇതോടെ സൈനിക നടപടി ആരംഭിച്ചു. ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് മുന്‍പ് സൈബര്‍ അറ്റാക്ക് നടത്തിയാണ് യു.എസ് സൈന്യം കാരക്കസ് ലക്ഷ്യമാക്കിയത്.
തലസ്ഥാനത്തെ ഇരുട്ടിലാക്കി വിമാനങ്ങളുടെ നീക്കം ഒളിപ്പിച്ചു. 150 യുഎസ് സൈനികവിമാനങ്ങളും ഡ്രോണും ബോംബര്‍ വിമാനങ്ങളും റസ്ക്യു ഹെലികോപ്റ്റുകളുമടക്കം വലിയ ആക്രമണമാണ് സൈന്യം നടത്തിയത്. യുദ്ധവിമാനങ്ങള്‍ വെനസ്വേലന്‍ റഡാര്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തു. ഇതോടെ ഡെല്‍റ്റ ഫോഴ്സിന്‍റെ ഹെലിക്കോപ്റ്ററിന്‍റെ വഴി സുഗമമായി.
പ്രാദേശിക സമയം ഏകദേശം പുലർച്ചെ 2:01-നാണ് 'നൈറ്റ് സ്റ്റോക്കേഴ്സ്' എന്ന സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റിലെ ഹെലികോപ്റ്ററുകൾ മഡുറോയുടെ കെട്ടിടത്തിലേക്ക് വന്നിറങ്ങിയത്. ഡെൽറ്റാ ഫോഴ്‌സ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറി. മൂന്നു മിനിറ്റാണ് എല്ലാ തടസങ്ങളും നീക്കി മഡൂറോയ്ക്ക് അടുത്തെത്താന്‍ ഡെല്‍റ്റ സംഘത്തിന് വേണ്ടി വന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മഡൂറോയും ഭാര്യയും പിടിയിലായി. അഞ്ചു മിനിറ്റിനുള്ളില്‍ മഡുറോ യു.എസിന്‍റെ ബന്ദിയായി.
മഡുറോയുടെ വസതിയിലെത്തിയ ഹെലികോപ്റ്റുകള്‍ക്ക് നേരെ പ്രത്യാക്രമണമുണ്ടായി. ഒരു സൈനികവിമാനത്തിന് വെടിയേറ്റു. ചിലര്‍ക്ക് പരുക്കേറ്റു. ഇതൊഴിച്ചാല്‍ യുഎസ് നീക്കം ശാന്തമായിരുന്നു.