പ്രസി‍ഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലയിലെ ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ‍

cons.caracas@mea.gov.in എന്ന ഇമെയിൽ വഴിയോ +58-412-9584288 എന്ന അടിയന്തര നമ്പര്‍ മുഖേനയോ വെനസ്വേലയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. ഇതേ നമ്പറില്‍ വാട്ട്‌സ്ആപ്പ് കോളുകളും ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഏകദേശം 50 പ്രവാസി ഇന്ത്യക്കാരും 30 ഇന്ത്യൻ വംശജരുമാണ് വെനസ്വേലയിലുള്ളത്. 

അതേസമയം, അമേരിക്ക ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസി‍ഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഇരുവരുമായുള്ള വിമാനം ന്യൂയോർക്കിലെ സ്റ്റിവാര്‍ട്ട് എയര്‍ നാഷണല്‍ ബേസില്‍ ലാന്‍ഡ് ചെയ്തതായും അവിടെ നിന്നും മഡുറോയെ ഹെലികോപ്റ്ററിലാണ് നഗരത്തിലെത്തിക്കുകയും ചെയ്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ഓഫീസിലെത്തിക്കുന്ന മഡുറോയെ അവിടെ നിന്ന് മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലെ ജയിലിലേക്ക് മാറ്റും. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. 

മഡുറോയും ഭാര്യയും യു.എസില്‍ വിചാരണ നേരിടണമെന്നും വെനസ്വേലയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ‌‌ട്രംപ് അറിയിച്ചിരുന്നു. വെനസ്വേലയില്‍ സുരക്ഷിതമായ മാറ്റം സംഭവിക്കുന്നതുവരെ യു.എസ് ഭരിക്കുമെന്നാണ് ട്രംപ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യു.എസ് പങ്കാളിത്തം വെനിസ്വേലന്‍ ജനങ്ങളെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനികള്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വെനസ്വേലയുടെ വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിട്ടുള്ളത്.

ENGLISH SUMMARY:

The Ministry of External Affairs (MEA) has issued a high-alert travel advisory for Indians in Venezuela following the capture of President Nicolas Maduro by the US. Indians are advised to avoid non-essential travel to Venezuela. MEA provided emergency contact details for the Indian Embassy in Caracas. Currently, about 80 Indians/PIOs reside in Venezuela as US forces take control of the nation.