TOPICS COVERED

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ടോറന്റോയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയൽ ബോർഡ്മാൻ. രാജ്യത്ത് പല സാഹചര്യങ്ങളുടെ പേരില്‍ ഇന്ത്യാവിരുദ്ധത കൂടുകയാണെന്നും കൊല ചെയ്യപ്പെടുന്നവരുടെ പേര് മാത്രമേ പുറത്തുവരുന്നുള്ളൂവെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും ബോര്‍ഡ്മാന്‍ പറയുന്നു.

നിയമത്തിന് വിധേയമായി ഇത്തരം വിഷയങ്ങളി‍ല്‍ കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒട്ടും തൃപ്തികരമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിയമപാലകർക്ക് കാര്യക്ഷമതയില്ലെന്നും ബോര്‍ഡ്മാന്‍ എഎന്‍ഐയോട് പ്രതികരിച്ചു. 

അതേസമയം ആവശ്യമില്ലാത്ത കേസുകളിൽ അമിത കാർക്കശ്യം കാണിക്കുകയാണെന്നും അദ്ദേഹം പറയുന്നു.  ഇക്കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നടന്ന കൊലപാതകങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളിലാണെന്നും ഒരു ദിവസത്തില്‍ കൂടുതല്‍ യാത്രാദൂരമുള്ള ഭാഗങ്ങളായതിനാല്‍ തന്നെ അവ പരസ്പര ബന്ധമുള്ളവയാണെന്ന് കരുതാനാവില്ലെന്നും ബോര്‍ഡ്മാന്‍ കൂട്ടിച്ചേര്‍ത്തു. 

ടൊറന്റോയില്‍ നടന്ന കൊലപാതകങ്ങളില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് സംശയമാണ്. ഈ രണ്ടു സംഭവങ്ങളിലും ഇരകളുടെ പേരുകളും അവര്‍ കൊല്ലപ്പെട്ടുവെന്നതും മാത്രമാണ് അറിയാന്‍ സാധിക്കുന്നത്. അതിനപ്പുറം ആര്,എന്തിന് കൊലപ്പെടുത്തിയെന്ന് പൊതുജനത്തിനറിയില്ല, പേരിന് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് കനേഡിയന്‍ പൊലീസ് ആയതിനാല്‍ തന്നെ കഴിവുകേട് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. ഇനി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയാല്‍പ്പോലും ഒരു മൂന്ന് വര്‍ഷം ജയിലിലിട്ട ശേഷം വീണ്ടും തെരുവിലേക്ക് അഴി‍ഞ്ഞാടാന്‍ പ്രതികളെ വിടുമെന്നും ബോര്‍ഡ്മാന്‍ പറയുന്നു. 

ഇന്ത്യൻ വംശജയായ 30 വയസ്സുകാരി ഹിമാൻഷി ഖുരാനയെയാണ് കഴിഞ്ഞയാഴ്ച ടൊറന്റോ നഗരത്തിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. പ്രതി ടൊറന്റോ സ്വദേശി അബ്ദുൾ ഗഫൂരിക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചതിനപ്പുറം മറ്റ് നടപടികളൊന്നും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഡിസംബർ 23-ന് ടൊറന്റോയിലെ ഹൈലാൻഡ് ക്രീക്ക് ട്രെയിൽ, ഓൾഡ് കിംഗ്സ്റ്റൺ റോഡ് മേഖലയില്‍വച്ച്  ശിവാങ്ക് അവസ്തി വെടിയേറ്റു മരിച്ചത്. പോലീസ് എത്തുന്നതിന് മുൻപ് പ്രതികൾ രക്ഷപ്പെട്ടെന്ന് മാത്രമായിരുന്നു പൊലീസിന്റെ പ്രതികരണം. 

ENGLISH SUMMARY:

Indian student murders in Toronto raise concerns about anti-Indian sentiment in Canada. The recent deaths and perceived lack of thorough investigations have sparked criticism of the Canadian justice system.