സിംഗപ്പൂരിലെ ക്ഷേത്രങ്ങള്‍ പരിപാലിക്കുന്ന ഹിന്ദു എന്‍ഡോവ്‍മെന്‍റ് ബോര്‍ഡിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഇന്ത്യന്‍ വംശജയായ സരോജിനി പത്മനാഥനെ നിയമിച്ചു. 1968ല്‍ സ്ഥാപിതമായ ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അധ്യക്ഷപദവിയില്‍ എത്തുന്നത്. നാല് പതിറ്റാണ്ടായി സിംഗപ്പൂരിലെ ആരോഗ്യ, സാമൂഹിക മേഖലകളിലും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് സരോജിനി പത്മനാഥന്‍. മുന്‍പ് ഹിന്ദു എന്‍ഡോവ്‍മെന്‍റ് ബോര്‍ഡിന്‍റെ ഫിനാന്‍സ് അംഗമായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രീ മാരിയമ്മന്‍ ക്ഷേത്രവും ശിവക്ഷേത്രവും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാനക്ഷേത്രങ്ങളുടെയും പരിപാലനച്ചുമതല ഹിന്ദു എന്‍ഡോവ്‍മെന്‍റ് ബോര്‍ഡിനാണ്. ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാണ് നടത്തുന്നത്. ഒപ്പം സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ മതപരവും സാംസ്കാരികവുമായ പരിപാടികള്‍ക്കും സന്നദ്ധസേവന പരിപാടികള്‍ക്കും ബോര്‍ഡ് മേല്‍നോട്ടം നല്‍കാറുണ്ട്.
2024 സെപ്തംബര്‍ മുതല്‍ അധ്യക്ഷനായിരുന്ന ജീവഗന്ധ് ആറുമുഖത്തിന്‍റെ പിന്‍ഗാമിയായാണ് സരോജിനി പത്മനാഥന്‍ ഹിന്ദു എന്‍ഡോവ്‍മെന്‍റ് ബോര്‍ഡിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത്. നേരത്തേ ഫിനാന്‍സ് അംഗമായിരിക്കേ ബോര്‍ഡിന്‍റെ ധനകാര്യ നടപടിക്രമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എച്ച്.ആര്‍. രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ സരോജിനി പത്മനാഥന്‍ ആരോഗ്യമേഖലയിലാണ് കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചത്.