Image Credit: Facebook
ബംഗ്ലദേശിന്‍റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍റെ ഭീഷണി. പാക്കിസ്ഥാനിലെ മുതര്‍ന്ന രാഷ്ട്രീയ നേതാവായ കമ്രാന്‍ സഈദ് ഉസ്മാനിയാണ് ഇന്ത്യയ്ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് വിഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫീന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവാണ് സഈദ് ഉസ്മാനി. 'ബംഗ്ലദേശിനെ ദുഷ്ട ലാക്കോടെ നോക്കാനും അവരുടെ പരമാധികാരത്തെ ആക്രമിക്കാനും ഇന്ത്യ ഒരുമ്പെടുമ്പോള്‍, പാക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന ഓര്‍മയുണ്ടാകണം' എന്നായിരുന്നു സഈദ് ഉസ്മാനിയുടെ ഭീഷണി.
ഇന്ത്യയുടെ തന്ത്രങ്ങള്‍ക്കെതിരെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും പലതരത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഉസ്മാനി ആരോപിച്ചു. 'ബംഗ്ലദേശിനുള്ള വെള്ളം നിര്‍ത്തലാക്കിയോ, രാജ്യദ്രോഹത്തിനോ, അധികാരത്തിലുള്ളവരെ പുറത്താക്കാനായി ജനങ്ങളെ ഇളക്കിവിട്ടോ അതുമല്ലെങ്കില്‍ മുസ്ലിംകളുമായി തമ്മിലടിപ്പിച്ചോ ഇന്ത്യ എത്തു'മെന്നും ഉസ്മാനി വിഡിയോ സന്ദേശത്തില്‍ പറയുന്നു. ബംഗ്ലദേശില്‍ ഇന്ത്യയുടെ 'അഖണ്ഡഭാരത ആശയം' സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിക്കില്ലെന്നും ഏതുവിധേനെയും അതിനെ പാക് പട്ടാളവും ജനങ്ങളും എതിര്‍ക്കുമെന്നും ഉസ്മാനി അവകാശപ്പെട്ടു.
അതിനിടെ, പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള സഹകരണം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ആവര്‍ത്തിച്ചു. വ്യാപാര– വാണിജ്യ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കണമെന്നാണ് യൂനുസിന്‍റെ ആവശ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയവും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യവും കൂട്ടണമെന്നും അധികാരമേറ്റത് മുതല്‍ യൂനുസ് ആവശ്യപ്പെടുന്നുമുണ്ട്.
ബംഗ്ലദേശില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബംഗ്ലദേശില്‍ പുതുതായി രൂപംകൊണ്ട നാഷനല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് ഹസ്നത് അബ്ദുല്ല പറഞ്ഞു. അതിര്‍ത്തികടന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബംഗ്ലദേശിനെ തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് അഭയം നല്‍കി സംരക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഹസ്നത് അബ്ദുല്ല കുറ്റപ്പെടുത്തി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുമെന്നും വിഘടനവാദികള്‍ക്ക് ബംഗ്ലദേശും അഭയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.