ഉടന്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ന്യൂയോര്‍ക്ക് നഗരത്തിലെത്തിയാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന നിയുക്ത സോഹറാൻ മംദാനിയുടെ വെല്ലുവിളിക്കിടെയാണ് നെതന്യാഹുവിന്‍റെ വാക്കുകള്‍. മംദാനിയുടെ സത്യപ്രതിഞ്ജ നടക്കുന്ന ജനുവരി ഒന്നിന് ന്യൂയോര്‍ക്കിലെത്താന്‍ ക്ഷണിച്ച ബ്രൂക്ക്ലിൻ കൗൺസിലർ ഇന്ന വെർനിക്കോവിനുള്ള മറുപടി കത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
ജനുവരി ഒന്നിന് എത്താന്‍ സാധിക്കില്ലെന്നും മറ്റൊരു ദിവസം നഗരത്തിലെത്തുമെന്നും നെതന്യാഹു അയച്ച കത്തില്‍ പറയുന്നു. നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പ്രചാരണത്തിനിടെ മംദാനി വെല്ലുവിളിച്ചിരുന്നത്. ഇതിന് മറുപടിയായാണ് ഇന്ന വെര്‍നിക്കോ നെതന്യാഹുവിനെ നഗരത്തിലേക്ക് ക്ഷണിച്ചത്. ന്യൂയോര്‍ക്കും ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനാണ് ക്ഷണമെന്നാണ് വെര്‍നിക്കോ പറഞ്ഞത്. നെതന്യാഹു എത്തുമ്പോള്‍ മംദാനിയുടെ പ്രതികരണം തനിക്ക് കാണണമെന്നും വെര്‍നിക്കോ പറഞ്ഞു.
ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു വീണ്ടും നഗരത്തിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പോലീസിനോട് നിർദ്ദേശിക്കുമെന്ന് മാംദാനി പറഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയെ അമേരിക്ക അംഗീകരിക്കുന്നില്ല.
മേയര്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അധികാരമില്ലെന്ന് വെര്‍നിക്കോ പറഞ്ഞു. ഒന്നുകില്‍ മംദാനിക്ക് ഇക്കാര്യം അറിയാമായിരുന്നു. വോട്ടിന് വേണ്ടി പച്ചക്കള്ളം പറഞ്ഞതാണ്. അല്ലെങ്കില്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ പോലും സാധിക്കാത്ത അപ്രാപ്തനാണ് അദ്ദേഹം എന്നും വെര്‍നിക്കോ പറഞ്ഞു.