Image Credit: X/mergarza
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്‍റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
ജിഗ്സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്സി പൊലീസ് കണ്ടെത്തി. ത്വക്കിന്‍റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്‍റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും വ്യക്തമാക്കി. ക്രിസ്റ്റീനയുടെ അരക്കെട്ട് വെട്ടിമാറ്റിയെന്നും നട്ടെല്ല് പല കഷണങ്ങളാക്കി മുറിച്ചെടുത്തെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മകള്‍ കൊലചെയ്യപ്പെട്ടതാണെന്ന് ആദ്യം സംശയം ഉന്നയിച്ചത് ക്രിസ്റ്റീനയുടെ പിതാവാണ്. വീട്ടിലെ തുണി അലക്കാന്‍ വയ്ക്കുന്ന മുറിയില്‍ കറുത്ത ബാഗില്‍ നിറയെ മകളുടെ മുടി കണ്ടെത്തിയതോടെയാണ് സംശയം ഉടലെടുത്തത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തതോടെ താന്‍ കൊലപ്പെടുത്തിയെന്ന് തോമസ് സമ്മതിക്കുകയായിരുന്നു.ഒരു കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയാണ് തോമസിനുള്ളതെന്നും ദയയോ അനുകമ്പയോ തരിപോലും കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം പറയുന്നു. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് തോമസിനെ അറസ്റ്റ് ചെയ്തു
മിസ് നോര്ത്ത്വെസ്റ്റ് സ്വിറ്റ്സര്‍ലന്‍ഡും 2007ലെ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റുമായിരുന്നു ക്രിസ്റ്റീന. പിന്നീട് കാറ്റ്റ്വാക്ക് കോച്ചായി. 2013ല്‍ മിസ് യൂണിവേഴ്സിലും പങ്കെടുത്തു.