2014 മാർച്ച് 8 രാത്രി 12.41, മലേഷ്യൻ എയർലൈൻസിന്‍റെ ബോയിങ് വിമാനം എംഎച്ച് 370 ബെയ്‌ജിങിലേക്കുള്ള യാത്രയ്ക്കായി ക്വാലലംപൂരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്നു. 5 ഇന്ത്യക്കാരടക്കം 227 യാത്രക്കാര്‍, ക്യാപ്റ്റൻ സാഹറി അഹമ്മദ് ഷാ, ഒരു സഹ പൈലറ്റ്, 10 ഫ്ലൈറ്റ് അറ്റൻഡന്‍റുമാര്‍, ആകെ 239 പേർ. അര്‍ധരാത്രി വിയറ്റ്നാമിലെ ഹോചിമിൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് ക്വാലലംപൂർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനില്‍ നിന്നും വിമാനത്തിലേക്ക് സന്ദേശമയച്ചു. 1.07ന് മറുപടി സന്ദേശവുമെത്തി. കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും ആ സന്ദേശത്തില്‍ നേരുന്നുണ്ടായിരുന്നു. എന്നാല്‍ അതായിരുന്നു എംഎച്ച് 370 ല്‍ നിന്നുവന്ന അവസാന സന്ദേശം... ഹോചിമിൻ കണ്‍ട്രോള്‍ സ്റ്റേഷനിൽ വിമാനം റിപ്പോര്‍ട്ട് ചെയ്തില്ല... പുലർച്ചെ 2.14 ന് മലാക്ക കടലിടുക്കിന് മുകളിലൂടെ പടിഞ്ഞാറോട്ട് പോകുകയായിരുന്നു വിമാനമെന്നാണ് അവസാനമായി സൈനിക റഡാറിൽ കണ്ടത്. 2.22നു റഡാറിൽനിന്നു വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. രാവിലെ 6.30 ന് വിമാനം ബെയ്‌ജിങില്‍ എത്തണമായിരുന്നു. പക്ഷ ആ സമയവും കടന്നുപോയി... എംഎച്ച് 370 എവിടെ എന്നുള്ളത് വൈമാനിക ചരിത്രത്തിലെ ഉത്തരമില്ലാത്ത ചോദ്യമായി മാറി...
കാണാതായ വിമാനത്തിനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിലാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. ഏഴു രാജ്യങ്ങള്‍ ഒന്നായി തിരഞ്ഞു... 34 കപ്പലുകളും 28 വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുത്തു. മധ്യേഷ്യ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ ആഴിയും ആകാശവും അരിച്ചുപെറുക്കി. പക്ഷേ ഉത്തരമില്ല. രണ്ടു വർഷത്തിനുശേഷം സര്‍ക്കാര്‍ തിരച്ചില്‍ അവസാനിപ്പിച്ചു. പകരം സർക്കാരിതര ഏജൻസികള്‍ എത്തി. തിരച്ചിലില്‍ കടലിൽ തകർന്നുവീഴുകയും അജ്ഞാതമായി കിടക്കുകയും ചെയ്തിരുന്ന പല വിമാനങ്ങളും കപ്പലുകളും കണ്ടെത്തിയെങ്കിലും എംഎച്ച് 370 ന്‍റെ പൊടിപോലും കിട്ടിയില്ല. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 2018 ൽ തിരച്ചിലുകളെല്ലാം ഔദ്യോഗികമായി അവസാനിപ്പിച്ചു.
എംഎച്ച് 370 ന്‍റെ തിരോധാനം പലതരത്തിലുള്ള കഥകള്‍ക്ക് കാരണമായി ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെത്തി. പൈലറ്റ് മനഃപൂർവ്വം വിമാനം കടലില്‍ മുക്കിയെന്ന് പറഞ്ഞവരുണ്ട് അല്ല വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും കഥകള്‍ വന്നു. റഡാറുകളിൽനിന്ന് അപ്രത്യക്ഷമായെങ്കിലും ഇൻമർസാറ്റ് എന്ന ബ്രിട്ടിഷ് ഉപഗ്രഹം വിമാനത്തിന്‍റെ സിഗ്നലുകള്‍ പിടിച്ചെടുത്തെന്ന് പറയപ്പെടുന്നുണ്ട്. ഏതോ അജ്ഞാത സ്ഥലത്ത് വിമാനം ലാന്‍ഡ് ചെയ്തു എന്നായി അഭ്യൂഹങ്ങള്‍. എന്നാല്‍ ഇൻമർസാറ്റ് ഉപഗ്രഹത്തിന്‍റെ ഉടമകള്‍ തന്നെ ഇവ നിരാകരിച്ചു.
ഇതിനിടെ വിമാനം ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ തീരത്തിനു 2500 കിലോമീറ്റർ അകലെ തര്‍ന്നുവീണതായി മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് പറയുകയുണ്ടായി. ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 2015ൽ കിഴക്കൻ ആഫ്രിക്കൻ തീരത്തിനു സമീപം റീയൂണിയൻ ദ്വീപിലെ ബീച്ചിൽ വിമാനത്തിന്‍റെ ചിറകിന്റെ ഭാഗം കണ്ടെത്തി. ടാൻസാനിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മഡഗാസ്കർ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം വിമാന അവശിഷ്ട ഭാഗങ്ങൾ കിട്ടി. ഇതിൽ 3 ഭാഗങ്ങൾ എംഎച്ച് 370ന്‍റേതാണെന്നു സ്ഥിരീകരിക്കപ്പെടുകയും 17 ഭാഗങ്ങൾ എംഎച്ച് 370 ന്‍റേതാകാന്‍ ശക്തമായ സാധ്യതയും ഉള്ളവയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാനം തകർന്നു വീണെന്നും അവശിഷ്ടങ്ങൾ ആഫ്രിക്കയുടെ തീരങ്ങളില്‍ അടിഞ്ഞതാകായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ വന്നു.
മലേഷ്യൻ സർക്കാരിന്‍റെ ഔദ്യോഗികമായ വിശദീകരണം മറ്റൊന്നായിരുന്നു... എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടായി. യാത്രക്കാരും പൈലറ്റുമാരും വിമാന ജീവനക്കാരും അബോധാവസ്ഥയിലായി. വിമാനം ഓട്ടോപൈലറ്റിലാകുകയും ഇന്ധനം തീർന്ന് കടലിൽ വീഴുകയും ചെയ്തു. എന്നായിരുന്നു വിശദീകരണം. വിമാനം ഹാക്ക് ചെയ്യപ്പെട്ടെന്നും ഓട്ടോ പൈലറ്റിൽ സംഭവിച്ച പിഴവാണ് അപകടകാരണമെന്നും സിദ്ധാന്തങ്ങളുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ നിഗൂഢത സൃഷ്ടിക്കാനുള്ള പൈലറ്റിന്‍റെ ശ്രമമായിരുന്നു ഇതെന്നാണ് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞത്. അവിടെയും തീര്‍ന്നില്ല, ഉത്തര കൊറിയ വിമാനം തട്ടിയെടുത്തു, അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടു, പിന്നില്‍ ചൈന എന്ന് തുടങ്ങി തമോഗർത്തം വിമാനത്തെ വിഴുങ്ങി, വിമാനം ചന്ദ്രനിലെത്തി, അന്യഗ്രഹജീവികൾ തട്ടിയെടുത്തു എന്നുവരെ കഥകളുണ്ടായി. എന്തിനേറെ പറയുന്നു പൈലറ്റിന്‍റെ വഴിവിട്ട ജീവിതവും ആത്മഹത്യാ ശ്രമവുമാണ് അപകടത്തിന് കാരണമെന്നുവരെ ആളുകള്‍ പറഞ്ഞുപരത്തി.
എംഎച്ച് 370 ന് മുന്‍പും ശേഷവും പല വിമാനങ്ങളും കാണാതായിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം പോപ്പുലർ ആയ ഒരുവിമാനമില്ലെന്ന് മാത്രം. ഇന്നും ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പിന്തുടരുന്ന സംഭവം. പലയിടത്തുനിന്നും വിമാനത്തിന്‍റേതെന്ന് സംശയിക്കുന്ന പല ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും പ്രധാനഭാഗങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല എന്നതാണ് എംഎച്ച് 370 വിമാനം അപകടത്തിൽ തകർന്നെന്ന് ഉറപ്പിക്കുമ്പോളും അതിന്‍റെ തിരോധാനത്തെ നിഗൂഢമായി തന്നെ നിലനിര്‍ത്തുന്നത്. ഒടുവില്‍ 11 വര്‍ഷത്തിനിപ്പുറം വീണ്ടും വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. MH370 വിമാന ത്തിനായുള്ള തിരച്ചിൽ ഈ മാസം പുനരാരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. വിമാനം കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരിക്കും തിരച്ചിൽ. ഈ തിരച്ചിലിലെങ്കിലും ആവിമാനത്തോടൊപ്പം കാണാതായ ഉറ്റവരുടെ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുറേ കുടുംബങ്ങള്‍.