shehbaz-sharif

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ആദ്യ പ്രതിരോധസേനാ മേധാവിയായി നിയമിക്കുന്നത് തടയാനാണ് ഷെബഹാസ് രാജ്യം വിട്ടതെന്നാണ് വിവരം. ഷെഹബാസ് ഷെരീഫ് ബഹറിനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി ഇന്ത്യയുടെ മുന്‍ ദേശിയ സുരക്ഷാ ഉപദേശ ബോര്‍ഡ് അംഗം തിലക് ദേവാഷര്‍ പറഞ്ഞു. 

സൈനിക മേധാവി എന്ന നിലയില്‍ അസിം മുനീറിന്‍റെ മൂന്നു വര്‍ഷ കാലാവധി അവസാനിക്കുന്നത് നവംബര്‍ 29 തിനാണ്. ഈ സമയത്ത് തന്നെ പാക്ക് പ്രധാനമന്ത്രി കൃത്യമായി രാജ്യം വിട്ടു. അസിം മുനീറിനെ പ്രതിരോധസേനാ മേധാവിയായി നിയമിക്കുന്ന ഉത്തരവില്‍ ഒപ്പിടാതിരിക്കാനാണ് ഈ മാറി നില്‍ക്കല്‍ എന്നാണ് തിലക് ദേവാഷര്‍ പറയുന്നത്. 

27-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് പാക്കിസ്ഥാനില്‍ പ്രതിരോധ സേന മേധാവി എന്ന സ്ഥാനം കൊണ്ടുവന്നത്. പാക്കിസ്ഥാന്‍റെ സൈനിക നേതൃത്വത്തെ ഏകീകരിക്കാനുള്ള ഭേദഗതിയായിരുന്നു ഇത്. ഭരണഘടനാ ഭേദഗതി പ്രകാരം കരസേനാ മേധാവിയുടെ കാലാവധി സിഡിഎസിനു തുല്യമാണ്. എന്നാല്‍ അസിം മുനീറിന് അഞ്ചു വര്‍ഷത്തേക്ക് സിഡിഎഫ് സ്ഥാനം നല്‍കുന്നത് ഷെഹബാസ് ഷെരീഫിനു താല്‍പര്യമില്ലാത്തതിനാലാണ് അദ്ദേഹം രാജ്യത്തുനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് നിഗമനം. അതേസമയം, ഭരണഘടനാ ഭേദഗതിയുള്ളതിനാല്‍ പുതിയ വിജ്ഞാപനം നിർബന്ധമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഉത്തരവ് വൈകുന്നതോടെ ഭരണപരമായും പ്രവര്‍ത്തനപരവുമായ പ്രതിസന്ധിയാണ് പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്നത്. അസിം മുനീര്‍ നിലവില്‍ സൈനിക മേധാവിയല്ല. അതായത് പാക്കിസ്ഥാന് നിലവില്‍ സൈനിക മേധാവിയില്ലെന്ന് ചുരുക്കം. സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്സിന് കീഴില്‍ വരുന്ന ആണവ കമാന്‍ഡ് അതോറ്റിറ്റിക്ക് പോലും നേതതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ സാഹചര്യമാണെന്നും തിലക് ദേവാഷര്‍ പറഞ്ഞു. 

അതേസമയം, ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇസ്‍ലാമാബാദിലും റാവല്‍പിണ്ടിയിലും പാക്കിസ്ഥാന്‍ തെഹരീക്– ഇ– ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നിയമവിരുദ്ധമായി ഇമ്രാന്‍ ഖാന് പാക്ക് ജയിലിലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

ENGLISH SUMMARY:

Shehbaz Sharif reportedly left Pakistan amid political tensions. This absence coincides with the appointment of Field Marshal Asim Munir as the Chief of Defence Staff, causing administrative and operational challenges within the country.