പതിറ്റാണ്ടുകൾക്കിടയിലെ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ആശുപത്രികളും തിരിച്ചറിയൽ കേന്ദ്രങ്ങളിലും അരിച്ചുപെറുക്കുന്ന കാഴ്ചകളാണ് എങ്ങും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് തായ് പോ ജില്ലയിലെ ഫുക്ക് കോർട്ട് ഹൗസിംഗ് എസ്റ്റേറ്റിലേക്ക് പടർന്ന് കയറിയ അഗ്നിയാണ് നഗരത്തെ മുച്ചൂടും നശിപ്പിച്ചത്. 40 മണിക്കൂറിലധികം നിന്ന് കത്തിയതിനുശേഷം വെള്ളിയാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമായത്.
എട്ട് ടവറുകളുള്ള സമുച്ചയത്തിലെ ഒരു ടവറിന്‍റെ താഴത്തെ നിലയിലെ സംരക്ഷണ വലയിലാണ് തീ പടർന്നതെന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു. എട്ട് ബ്ലോക്കുകളിലെയും അലാറം സംവിധാനങ്ങൾക്ക് തകരാര്‍ സംഭവിച്ചതോടെ താമസക്കാര്‍ ഓടിനടന്നാണ് അപകടത്തെക്കുറിച്ച് തൊട്ടടുത്തുള്ളവരെ അറിയിച്ചത്. നിർമാണക്കമ്പനി മേധാവികള്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. തീപിടുത്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 300 മില്യൺ ഡോളർ (38.5 മില്യൺ ഡോളർ) ഹോങ്കോങ്ങ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പത് ഷെൽട്ടറുകൾ തുറന്നിട്ടുണ്ടെന്നും വീടുകൾ നഷ്ടപ്പെട്ടവർക്ക് താത്കാലിക താമസ സൗകര്യങ്ങളും അടിയന്തര ഫണ്ടുകളും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തെത്തുടര്‍ന്ന് ഡിസംബർ 7ന് നടക്കുന്ന ഹോങ്കോങ് നിയമനിർമ്മാണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. 1948 ന് ശേഷം ഹോങ്കോങ്ങില്‍ സംഭവിച്ച ഏറ്റവും തീവ്രമായ തീപിടിത്തമാണിത്.