ഭര്‍ത്താവ് ചോര നീരാക്കി കഷ്ടപ്പെട്ട് സമ്പാദിച്ച ഒന്നരക്കോടി രൂപ ഓൺലൈൻ സ്ട്രീമറിന് കൊടുത്ത് ഭാര്യ. ചൈനയിലാണ് സംഭവം. ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത ഒരു ഓണ്‍ലൈന്‍ സ്ട്രീമര്‍ക്കുവേണ്ടിയാണ് താന്‍ ഇക്കാലമത്രയും കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ ഫിക്സഡ് ഡെപ്പോസിറ്റ് തുക മുഴുവനായി യുവതി വെർച്വൽ സമ്മാനങ്ങൾ നൽകി തീർത്തതെന്ന് യുവാവ് പറയുന്നു.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 1.16 മില്യൺ യുവാൻ (ഏകദേശം 1,46,18,517.20 രൂപ) ഭാര്യയുടെ പേരിൽ ഭര്‍ത്താവ് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്നു. എന്നാൽ, ഈ പണത്തെക്കുറിച്ച് ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് നിക്ഷേപത്തിൽ ഒരു രൂപ പോലും ബാക്കിയില്ലെന്ന് മനസിലായതെന്ന് ഭര്‍ത്താവ് പറയുന്നു. ഓണ്‍ലൈന്‍ സ്ട്രീമറിനെ വിവിധ മത്സരങ്ങളിൽ ജയിപ്പിക്കാനായാണ് ഈ പണമെല്ലാം സ്ത്രീ അയച്ചുകൊടുത്തത്. 1,45,44,653 -ത്തിലധികം രൂപയാണ് സ്ട്രീമർക്ക് വേണ്ടി ചെലവഴിച്ചത്. ബാക്കി പണം എന്ത് ചെയ്തുവെന്നും ഭാര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപിച്ചിരുന്ന പണം ചെലവാക്കിയെന്നു മാത്രമല്ല, അവർക്കിപ്പോൾ 10 ലക്ഷത്തിലധികം രൂപയുടെ കടമുള്ളതായും ഭർത്താവ് പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവാവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സുരക്ഷിതമായിരിക്കാന്‍ വേണ്ടിയാണ് ഭാര്യ ഏല്‍പിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവിന്‍റെ വാക്കുകളിങ്ങനെ, 'ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്നത് വാടക കുറഞ്ഞ സൗകര്യങ്ങളില്ലാത്ത ഒരു വീട്ടിലാണ്, അവിടെ നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഞാൻ അവളുടെ പേരിലിട്ടു. അവൾ സൂക്ഷിക്കും എന്ന് കരുതിയാണ് താനത് ചെയ്തത്. അവൾ തന്നെ പിന്നിൽ നിന്നും കുത്തി. നോക്കൂ, ഞാനിനി എന്താണ് ചെയ്യേണ്ടത്?'.
എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ 'ആ പുരുഷനെ താന്‍ ഒരുപാട് സ്നേഹിച്ചുപോയി' എന്നായിരുന്നു ഭാര്യയുടെ വിചിത്ര മറുപടി. യുവതി ഒരിക്കൽപ്പോലും അയാളെ നേരിൽ കണ്ടിട്ടില്ല എന്നതും പ്രസക്തമാണ്. എന്തായാലും, ഭർത്താവിന്റെ ദുരവസ്ഥയിൽ സഹതപിക്കുകയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയ.