ബംഗ്ലദേശിലെ ധാക്കയിലുണ്ടായ ഭൂചലനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പരുക്ക്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ധാക്കയിലും പരിസര പ്രദേശങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങളും വീടുകളുമടക്കം തകര്‍ന്നു വീണു.  മരിച്ചവരില്‍ നാലുപേര്‍ ധാക്ക സ്വദേശികളാണ്. അഞ്ചുപേര്‍ നാര്‍സിന്‍ഗ്ഡിയിലും ഒരാള്‍ നാരായണ്‍ഗഞ്ചിലുമാണ് മരിച്ചത്. 

വ്യാവസായിക നഗരമായ ഗാസിപുറില്‍ മാത്രം 100 ലേറെപ്പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. കെട്ടിടങ്ങള്‍ തകരുന്നത് കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചതിനിടെയാണ് 10 പേര്‍ക്ക് ഗുരുതര പരുക്കേറ്റത്. നാര്‍സിന്‍ഗ്ഡിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് കണക്കാക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. സത്രപുറില്‍ എട്ടുനിലക്കെട്ടിടം മറ്റൊരു കെട്ടിടത്തിന് പുറത്തേക്ക് വീണും നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ധാക്കയിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ ബംഗാള്‍, ത്രിപുര,മേഘാലയ, മിസോറാം എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. 30 സെക്കന്‍റോളം  ചലനം അനുഭവപ്പെട്ടുവെന്നും തീവ്രതയേറിയ ചലനമാണ് ഉണ്ടായതെന്നും പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. പാക്കിസ്ഥാനിലും 5.2 തീവ്രതയുള്ള ഭൂചലനം ഇന്നലെ അനുഭവപ്പെട്ടു. 

ENGLISH SUMMARY:

A strong earthquake measuring 5.7 on the Richter scale struck Dhaka and surrounding areas in Bangladesh at 10:38 AM yesterday, resulting in 10 deaths and over 100 injuries. Four fatalities were reported in Dhaka, five in Narsingdi (near the epicenter), and one in Narayanganj. Buildings and homes collapsed, and over 100 people were injured while attempting to flee falling structures in the industrial city of Gazipur. Authorities have warned of potential aftershocks and urged caution as the death toll is feared to rise