Image: X, @TrueCrimeUpdat
ഇസ്താംബൂളിലെ തെരുവോര ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ജര്‍മന്‍ കുടുംബത്തിന് ദാരുണാന്ത്യം. നവംബര്‍ 12നാണ് ഓർട്ടാക്കോയ് പരിസരത്തെ പ്രാദേശിക കച്ചവടക്കാരിൽ നിന്ന് ദമ്പതികളും കുട്ടികളും ഭക്ഷണം വാങ്ങിച്ചു കഴിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം തോന്നിയ കുട്ടികള്‍ മണിക്കൂറുകള്‍ക്കകം മരിച്ചു. ഒരു ദിവസം കഴിഞ്ഞ് അമ്മയും പിന്നാലെ അച്ഛനും മരണപ്പെടുകയായിരുന്നു. മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ്.
തുര്‍ക്കി സ്വദേശിയായ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു ജര്‍മന്‍ സ്വദേശിയായ സെർവെറ്റ് ബോസെക്കും മക്കളായ ആറുവയസുകാരനായ കദിറും മൂന്നുവയസുകാരിയായ മസലും. ഭക്ഷണം കഴിച്ചയുടന്‍ ആരോഗ്യാവസ്ഥ വഷളായ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കുഞ്ഞുങ്ങളും മരണപ്പെടുകയായിരുന്നു. പിറ്റേ ദിവസം അമ്മ സിഗ്ദെം ബോസെക്കും ദിവസങ്ങള്‍ക്കു ശേഷം ഐസിയുവില്‍വച്ച് പിതാവ് സെര്‍വെറ്റും മരണപ്പെട്ടു.
ഭക്ഷ്യവിഷബാധയേറ്റാണ് കുടുംബത്തിന്റെ മരണമെന്ന തരത്തില്‍ ഇസ്താംബുളിലെ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ കഴിച്ചെന്നു കരുതപ്പെടുന്ന ഭക്ഷണസാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കും അയച്ചു. എന്നാല്‍ അന്വേഷണത്തിനിടെ ഇവര്‍ താമസിച്ച ‘ഹാർബർ സ്യൂട്ട്സ് ഓൾഡ് സിറ്റി’ ഹോട്ടൽ മുറിയിൽ വച്ചേറ്റതെന്നു കരുതുന്ന കീടനാശിനി സമ്പര്‍ക്കത്തിലേക്കും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ച അവസാനം ഇവര്‍ താമസിച്ച അതേ ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് വിനോദസഞ്ചാരികള്‍ക്ക് മനംപുരട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നു. ഇതേ ഹോട്ടലില്‍ താമസിച്ചിരുന്ന മറ്റൊരാളേയും ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു.
ഹോട്ടലിന്റെ താഴത്തെ നിലയിലെ ഒരു മുറിയിൽ മൂട്ടശല്യം തടയാൻ രാസവസ്തു തളിച്ചിരുന്നുവെന്നും ഇത് ഒരുപക്ഷേ കുളിമുറിയിലെ വെന്റിലേറ്ററിലൂടെ മറ്റ് മുറികളിലേക്ക് എത്തിയിരിക്കാമെന്നും തുർക്കിയിലെ ഹുറിയത്ത് പത്രം റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹോട്ടൽ പരിശോധിക്കുകയും ഷീറ്റുകൾ, തലയിണകൾ, വെള്ളക്കുപ്പികൾ, പുതപ്പുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടിയിരിക്കുകയാണ്.