അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നല്‍കാന്‍ വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ണ ടോയ്ലറ്റ് ഒടുവില്‍ മറ്റൊരാള്‍ക്ക് സ്വന്തം. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ സോതബീസില്‍ നടന്ന ലേലത്തിലാണ് കോടികള്‍ വില വരുന്ന സ്വര്‍ണ ടോയ്ലറ്റ് വിറ്റുപോയത്. പ്രശസ്ത ഇറ്റാലിയൻ കലാകാരന്‍ മൗറിസിയോ കാറ്റെലനാണ് പൂര്‍ണമായും 18 കാരറ്റില്‍ തയ്യാറാക്കിയ ഈ സ്വര്‍ണ്ണ ടോയ്‍ലറ്റിന്റെ ശില്‍പി. 'അമേരിക്ക' എന്നാണ് 220 പൗണ്ടിലധികം (ഏകദേശം 100 കിലോഗ്രാം) ഭാരം വരുന്ന ഈ സ്വര്‍ണ ടോയ്‍ലറ്റിന്റെ പേര്.
2016ലാണ് ഒരു സാധാരണ ടോയ്ലറ്റ് പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഫുളളി ഫങ്ഷണലായിട്ടുളള ഈ നിര്‍മിതി കാറ്റെലൻ രൂപകൽപ്പന ചെയ്തത്. അതേവര്‍ഷം തന്നെ ന്യൂയോര്‍ക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തില്‍ ഈ സ്വര്‍ണ ടോയ്ലറ്റ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഏകദേശം 100,000ത്തോളം സന്ദർശകരാണ് ഈ സ്വര്‍ണ ടോയ്ലറ്റ് കാണാനായി മാത്രം ഗുഗ്ഗൻഹൈം മ്യൂസിയത്തില്‍ എത്തിത്. ആദ്യകാലങ്ങളില്‍ മ്യൂസിയിത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ ടോയ്ലറ്റ് ഉപയോഗിക്കാന്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടോയ്‍ലറ്റിന്റെ പുറത്ത് പ്രത്യേക കാവല്‍ക്കാരനെയും മ്യൂസിയം അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഓരോ 15 മിനിറ്റിലും ഒരു സംഘം ആളുകള്‍ വന്ന് സ്വര്‍ണ ടോയ്ലറ്റ് വൃത്തിയും അണുവിമുക്തവുമാക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ നിലവിലുള്ള ടോയ്‍ലറ്റുകളുടെ അതേ അളവിലാണ് ഈ സ്വര്‍ണ ടോയ്ലറ്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2017ലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പേര് കാറ്റെലന്‍റെ ഈ സ്വര്‍ണ ടോയ്ലറ്റുമായി ബന്ധപ്പെടുത്തി ചര്‍ച്ച വന്നത്. ആ കഥയിങ്ങനെ...വൈറ്റ് ഹൗസിലെ പ്രൈവറ്റ് റൂമില്‍ സ്ഥാപിക്കാനായി പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്‍റ് വാന്‍ ഗോഗിന്‍റെ Landscape with Snow എന്ന കലാസൃഷ്ടി ട്രംപ് മ്യൂസിയം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ വാന്‍ ഗോഗിന്‍റെ തരാമാകില്ലെന്നും വേണമെങ്കില്‍ തങ്ങളുടെ സ്വര്‍ണ ടോയ്ലറ്റ് നല്‍കാമെന്നുമായിരുന്നു ഗുഗ്ഗൻഹൈം മ്യൂസിയം അധികൃതരുടെ മറുപടി. പരിഹസിച്ചുള്ള ഈ മറുപടിയോട് അന്ന് ട്രംപോ വൈറ്റ് ഹൗസോ പ്രതികരിച്ചില്ല. പക്ഷേ സംഭവം ലോകമെങ്ങും വലിയ ചര്‍ച്ചയായി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം കോടികള്‍ മുടക്കി അഞ്ജാതനായ ഒരാള്‍ ഈ സ്വര്‍ണ ടോയ്ലറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. 10 മില്യണ്‍ ഡോളര്‍ അഥവാ 88 കോടി രൂപയിലാണ് ലേലം ആരംഭിച്ചത്. ആഗോളതലത്തിലെ സ്വര്‍ണത്തിന്‍റെ വിലയനുസരിച്ചാണ് ലേലത്തുക തീരുമാനിക്കുക. വമ്പന്മാര്‍ പങ്കെടുത്ത ലേലത്തിനൊടുവില്‍ 12.1 മില്യൺ ഡോളറിന് ലേലം ഉറപ്പിച്ചു. അതായത് ഏകദേശം 100 കോടിക്ക് മുകളില്‍ മുകളില്‍ നല്‍കിയാണ് വിജയി സ്വര്‍ണ ടോയ്ലറ്റ് സ്വന്തമാക്കിയത്. മികച്ച കലാസൃഷ്ടികളുടെ വിപണിയിൽ "മാന്ദ്യം" നിലനിൽക്കുന്ന സമയത്താണ് ഈ വിൽപ്പന നടന്നതെന്ന് പ്രമുഖ ലേല സ്ഥാപനമായ സോതബീസ് അറിയിച്ചതായി ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.
കാഴ്ച്ചക്കാര്‍ക്ക് കോടികള്‍ വിലവരുന്ന ഒരു അമൂല്യ സ്വര്‍ണ ടോയ്ലറ്റാണിതെങ്കില്...ശില്‍പി മൗറിസിയോ കാറ്റെലന് പറയാനുളളത് മറ്റൊന്നാണ്. അതിരുകടന്ന സമ്പത്തിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഈ സൃഷ്ടി വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങൾ 200 ഡോളറിന്‍റെ ഉച്ചഭക്ഷണം കഴിച്ചാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് കഴിച്ചാലും, ടോയ്‍ലറ്റിന്റെ കാര്യത്തിൽ ഫലം ഒന്നുതന്നെയാണെന്നും കാറ്റെലന്‍ പറയുന്നു. അതേസമയം കലയുടെ നിർമ്മാണ മൂല്യവും ഒരു ഉൽപ്പന്നത്തിന്‍റെ കച്ചവട മൂല്യവും തമ്മിലുള്ള കൂട്ടിമുട്ടലിനെക്കുറിച്ചുള്ള 'സൂക്ഷ്മമായ ഒരു വിമർശനമാണ്' ഈ ശിൽപമെന്നായിരുന്നു പ്രമുഖ ലേല സ്ഥാപനമായ സോത്ബീസ് ഈ സ്വര്‍ണ ടോയ്ലറ്റിനെ വിശേഷിപ്പിച്ചത്.