എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കാമുകിയുടെ മാതാപിതാക്കളുടെ പ്രീതി നേടുന്നതിനായി ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ നടത്തിയ 36 കാരന് ദാരുണാന്ത്യം. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. 134 കിലോഗ്രാമിൽ കൂടുതല്‍ ശരീരഭാരമുണ്ടായിരുന്ന യുവാവാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വിവാഹത്തിന് മുന്‍പായി തന്‍റെ കാമുകിയുടെ കുടുംബത്തെ ആദ്യമായി കാണുവാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. അവരുടെ മുന്നില്‍ ആരോഗ്യവാനായി കാണപ്പെടാന്‍ ആഗ്രഹിച്ചാണ് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനാകാൻ യുവാവ് തീരുമാനിച്ചത്.
തുടര്‍ന്ന്, സെപ്റ്റംബർ 30 ന് ഷെങ്‌ഷൗവിലെ നയന്‍ത്ത് പീപ്പിൾസ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. ഒക്ടോബർ 2 ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഐസിയുവിൽ പ്രാഥമിക പരിചരണത്തിന് ശേഷം, ഒക്ടോബർ 3 ന് അദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റി. എന്നാല്‍ ഒക്ടോബർ 4 ന് ആരോഗ്യം പെട്ടെന്ന് വഷളാകുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റി. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഒക്ടോബർ 5 നാണ് യുവാവ് മരിക്കുന്നത്.
കാലങ്ങളായി അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതവണ്ണവും യുവാവിനുണ്ടായിരുന്നു. 174 സെന്റീമീറ്റർ ഉയരമുള്ള യുവാവിന്‍റെ ശരീരഭാരം 134 കിലോഗ്രാമിൽ കൂടുതലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൂർക്കംവലിക്കാന്‍ തുടങ്ങുകയും ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞിരുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെറ്റബോളിക് സിൻഡ്രോമിനെ തുടർന്ന് ലീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും മെഡിക്കൽ രേഖകൾ പറയുന്നുണ്ട്. കൂടാതെ ഉയർന്ന രക്തസമ്മർദ്ദവും ഫാറ്റി ലിവറും യുവാവിന് ഉണ്ടായിരുന്നു.
അതേസമയം, ആശുപത്രി അധികൃതരുടെ വീഴ്ചയാണോ മരണത്തിന് കാരണമായതെന്ന് ആശങ്ക യുവാവിന്‍റെ കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചികില്‍സാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതായും നില വഷളായപ്പോള്‍ അടിയന്തര പരിചരണം ഉടനടി നൽകിയിരുന്നതായും ആശുപത്രി അറിയിച്ചു. പെട്ടെന്ന് ആരോഗ്യം വഷളായത് എങ്ങിനെയാണ് എന്നതില്‍ സ്ഥിരീകരണം ഉണ്ടായിച്ചില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യമായ മരണ കാരണം കണ്ടെത്താന്‍ കഴിയൂ.