AI Generated Image
കാലുവേദനയെന്ന് പറഞ്ഞ് അവധിയെടുത്ത ജീവനക്കാരന്‍ 16,000 അടി നടന്നതായി കണ്ടെത്തിയ കമ്പനി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. ചെന്‍ എന്ന യുവാവിനെയാണ് മേലധികാരിയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് കമ്പനി പിരിച്ചുവിട്ടത്. 2019ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്.
അന്നാരംഭിച്ച കേസ് നീണ്ട നിയമപോരാട്ടത്തിലൂടെ ഇപ്പോഴാണ് അവസാനിച്ചത്. 2019 ഫെബ്രുവരിയില്‍ നടുവേദനയെത്തുടര്‍ന്ന് രണ്ടുതവണ ചെന്‍ അവധി അപേക്ഷ നല്‍കിയിരുന്നു. തെളിവായി ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടും നൽകി. തുടര്‍ന്ന് കമ്പനി അപേക്ഷ അംഗീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസം വിശ്രമിച്ച ശേഷം ചെൻ ജോലിയിൽ തിരിച്ചെത്തി, എന്നാൽ ജോലിക്കുവന്ന ദിനം തന്നെ മറ്റൊരു രോഗാവധിക്കായി അപേക്ഷിച്ചു. ഇത്തവണ വലത് കാലിന്‍റെ വേദനയായിരുന്നു കാരണം. ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടറുടെ കുറിപ്പും ഉണ്ടായിരുന്നു. ഹീൽ സ്പർ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ചെൻ തന്‍റെ രോഗാവധി നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങളോളം ജോലിക്ക് വരാതിരുന്നതിനെ തുടർന്ന്, ആശുപത്രി രേഖകൾ സമർപ്പിക്കാൻ കമ്പനി ചെന്നിനോട് ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു.
ഓഫീസിലെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല. ഏതാനും ദിവസങ്ങൾക്കുശേഷം, ചെൻ തന്‍റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് കമ്പനിയെ കബളിപ്പിച്ചെന്നാരോപിച്ച് അദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കി. തുടർന്ന് ചെന്‍ തന്‍റെ അവധിക്ക് മെഡിക്കൽ രേഖകളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് തൊഴിൽതർക്ക പരിഹാര കേസ് ആരംഭിച്ചു. അന്വേഷണം അദ്ദേഹത്തിന് അനുകൂലമായി വന്നു. 118,779 യുവാൻ, അതായത് (ഏകദേശം 14.8 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകാൻ കമ്പനിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം കാലുവേദനയ്ക്കുള്ള അവധി അപേക്ഷ നല്‍കിയ ദിവസം ചെൻ കമ്പനിയിലേക്ക് ഓടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കമ്പനി ഹാജരാക്കി. 16,000ത്തിലധികം ചുവടുകൾ നടന്നതായി കാണിക്കുന്ന ഒരു സോഫ്റ്റ്‌വെയർ രേഖയും തെളിവായി നല്‍കി. എന്നാല്‍ മെഡിക്കല്‍ രേഖകളുടെ പിന്‍ബലത്തില്‍ ചെന്നിന് നഷ്ടപരിഹാരം നൽകാൻ കോടതി അന്തിമ ഉത്തരവിടുകയായിരുന്നു.