Representative Image : AFP

Representative Image : AFP

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയില്‍ അഞ്ച് ഇന്ത്യന്‍  പൗരന്‍മാരെ തൊഴില്‍ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ഖ്വയ്ദ– ഐസിസ് ബന്ധമുള്ള സംഘടനകളാണിത് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌

അതേസമയം, തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്തെ വൈദ്യുതീകരണ പ്രോജക്ടിനായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടവര്‍. സംഭവം കമ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തുള്ള മറ്റ് ഇന്ത്യന്‍ പൗരന്‍മാരെ ബമാകോയിലേക്ക് സുരക്ഷിതമായി മാറ്റി.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക ഭരണകൂടമാണ് 2021 അധികാരത്തിലുള്ളത്. രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തിന് കാരണം അല്‍ ഖ്വയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദി സംഘടനകളാണെന്നും സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ട് പോകുന്നതും അവരെ വച്ച് വിലപേശുന്നതും 2012 മുതല്‍ മാലിയില്‍ പതിവാണ്. സെപ്റ്റംബറില്‍ രണ്ട് എമിറാത്തി പൗരന്‍മാരെയും ഒരു ഇറാന്‍ പൗരനെയും തീവ്രവാദി സംഘടനകള്‍ തട്ടിക്കൊണ്ടുപോയി. 50 മില്യന്‍ ഡോളര്‍ മോചനദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞയാഴ്ച വിട്ടയച്ചത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.

ENGLISH SUMMARY:

Five Indian citizens working on an electrification project in conflict-ridden Mali were forcefully abducted at gunpoint, as confirmed by their company. While no group has claimed responsibility, initial suspicions point towards Al-Qaeda or ISIS-linked extremist organizations, which frequently target and ransom foreigners. Following the incident, other Indian nationals in the area have been safely relocated to Bamako. Mali, currently under military rule, has seen repeated kidnappings for ransom by extremist groups since 2012