സൈനിക മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടന ഭേദഗതിക്ക് പാകിസ്ഥാനിൽ നീക്കം. ഇതനുസരിച്ച് ഫെഡറൽ ഗവൺമെന്‍റിന് സായുധ സേനയുടെ നിയന്ത്രണം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 243 ൽ മാറ്റം വരുത്തിയേക്കും. സർക്കാരിന് മുകളിൽ സൈനിക മേധാവിക്ക് സ്ഥാനം ഒരുക്കാനാണ് ഭേദഗതി എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഇതിനായി തുടങ്ങിയ രഹസ്യനീക്കം പാകിസ്ഥാൻ പീപ്പിൾ പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയുടെ ട്വീറ്റിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഭരണഘടനാ ഭേദഗതിയിൽ പിന്തുണ തേടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്‍റെ പാർട്ടിയെ സമീപിച്ചിട്ടുണ്ടെന്നാണ് ബിലാവൽ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നയിക്കുന്ന PMLN പ്രതിനിധി സംഘം തന്നെ സന്ദർശിച്ചു. 27-ാം ഭേദഗതി പാസാക്കുന്നതിൽ പിപിപിയുടെ പിന്തുണ അഭ്യർത്ഥിച്ചു. ഒപ്പം മറ്റ് ചില ഭരണഘടനാ ഭേദഗതികളും സര്‍ക്കാരിന്‍റെ പരിഗണനിയലുണ്ടെന്ന് ബിലാവല്‍ ട്വീറ്റില്‍ വ്യക്തമാക്കി.
27-ാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെട്ട കോടതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ജഡ്ജിമാരുടെ സ്ഥലംമാറ്റവും സംബന്ധിച്ച് തര്‍ക്കങ്ങളില്ല. പക്ഷേ ആർട്ടിക്കിൾ 243ലെ മാറ്റങ്ങളെക്കുറിച്ചുള്ള പരാമർശമാണ് ആശങ്കയുണ്ടാക്കുന്നത്. പാകിസ്ഥാൻ സായുധ സേനയുടെ ശക്തിയെയും നിയന്ത്രണത്തെയും സംബന്ധിച്ചുള്ളതാണ് ആർട്ടിക്കിൾ 243. 'ഫെഡറൽ ഗവൺമെന്‍റിന് സായുധ സേനയുടെ നിയന്ത്രണം' ഉണ്ടായിരിക്കുമെന്ന് ഈ ആർട്ടിക്കിളിൽ വ്യക്തമാക്കുന്നു. ഇത് ഭേദഗതി ചെയ്യാനുള്ള തീരുമാനം അസിം മുനീറിന്‍റെ സ്ഥാനവും അധികാരവും ഉറപ്പാക്കാനുള്ള ഒരു നടപടിയായാണ് കണക്കാക്കപ്പെടുന്നത്. ഇത് സിവിലിയൻ കാര്യങ്ങളിൽ സൈന്യത്തിന്‍റെ സ്വാധീനം കൂടുതൽ ശക്തമാക്കും.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം അസിം മുനീർ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറിയിരിക്കയാണ്. ഓപ്പറേഷൻ സിന്ദൂറിന് ആഴ്ചകൾക്ക് ശേഷം, മുനീറിനെ ഫീൽഡ് മാർഷൽ ആയി ഉയർത്തിയിരുന്നു. 1973ലെ ഭരണഘടന പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് ഒരു ഉദ്യോഗസ്ഥനെ ഫീൽഡ് മാർഷലായി ഉയർത്തുന്നത്. അടുത്തിടെ അസിം മുനീർ മൂന്ന് തവണയാണ് യുഎസ് സന്ദർശിച്ചത്. ഇതിലൂടെ പാകിസ്ഥാന്‍റെ സൈനിക കാര്യത്തിൽ മാത്രമല്ല, വിദേശ ബന്ധങ്ങളിലും സാമ്പത്തിക ആസൂത്രണത്തിലും അസിം മുനീർ ഇടപെട്ടു.
കഴിഞ്ഞ വർഷം പാകിസ്ഥാൻ സൈനിക മേധാവികളുടെ കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി ഉയര്‍ത്തിയിരുന്നു. 64 വയസ് എന്ന പ്രായപരിധിയും ഒഴിവാക്കി. അതേസമയം പാകിസ്ഥാൻ ഭരണഘടനയിൽ ഫീൽഡ് മാർഷൽ പദവിക്ക് നിലവിൽ നിയമ പരിരക്ഷയില്ല. ഇത് മുനീറിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കും. ഔദ്യോഗികമായി, മുനീർ നവംബർ 28 ന് വിരമിക്കേണ്ടതാണ്. എന്നാല്‍ ആർട്ടിക്കിൾ 243 ലെ ഭേദഗതിയിലൂടെ മുനീറിന് സുരക്ഷിതവും സ്ഥിരവുമായ ഒരു സ്ഥാനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് വിമർശനം.