ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കന്‍ ഗാസയിസെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോര്‍ട്ട്. 250 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പുനഃരാരംഭിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി.
ഹമാസ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേല്‍ വാദം. വെടിനിർത്തൽ കരാർ പ്രകാരം ഗാസയ്ക്കുള്ളിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന ‘യെല്ലോ ലൈനിന്’ സമീപമുള്ള റാഫയിലുണ്ടായ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബന്ദികളെയും ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചുവെന്നും ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഈ വാദങ്ങള്‍ തള്ളിയിരുന്നു. ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്രയേൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തൽ കരാര്‍ പാലിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ് പറഞ്ഞു.
എന്നാല്‍, വെടിനിർത്തലിന് ഒന്നും തടസമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഹമാസ് ഒരു ഇസ്രയേലി സൈനികനെ വെടിവച്ചു കൊന്നു. അതിനാൽ ഇസ്രയേലികൾ തിരിച്ചടിച്ചു, അവർ തിരിച്ചടിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇതിനകം ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഭയാനകമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. സമാധാനത്തിനുള്ള അവസരം കൈപിടിയിൽ നിന്ന് വഴുതിപ്പോകരുതെന്നും യുഎന്‍ പറയുന്നു.
ട്രംപിന്‍റെ ഇരുപത് ഇന സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ട്രംപിന്റെ സാന്നിധ്യത്തില്‍ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീരാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് 72 മണിക്കൂറിനുള്ളിൽ ഹമാസ് മരിച്ചതും ജീവിച്ചിരിക്കുന്നതുമായ 48 ബന്ദികളെ കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ ജീവനോടെ ശേഷിച്ച 20 ബന്ദികളെയും വിട്ടയച്ചു. ഇനി16 പേരുടെ കൂടി ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനുണ്ട്. വെടിനിർത്തൽ കരാർ പ്രകാരം അവശേഷിക്കുന്നവരെ വേഗത്തിൽ കൈമാറണമെന്ന് ട്രംപ് ശനിയാഴ്ച ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.