ഗാസയിൽ സമാധാന കരാർ തകർന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച നെതന്യാഹു, ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്നതാണ് ആക്രമണത്തിന് കാരണമായി നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
2023 ഒക്ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് പ്രധാന തർക്കവിഷയം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്ന് ഹമാസ് പറയുമ്പോൾ, ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
ഒക്ടോബർ 10-ന് ആരംഭിച്ച വെടിനിർത്തലിനെത്തുടർന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്ന ഗാസയിലെ ജനത വീണ്ടും കടുത്ത ആശങ്കയിലാണ്.