പ്രതീകാത്മക ചിത്രം (Image Credit:rafflesmedicalgroup.com)
ആശുപത്രിയില്‍ ചികില്‍സയിലിരുന്ന മുത്തച്ഛനെ സന്ദര്‍ശിക്കാനെത്തിയ യുവാവിനോട് ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനായ നഴ്സിന് ഒരു വര്‍ഷവും രണ്ടുമാസവും തടവുശിക്ഷ. സിംഗപ്പുറിലെ റാഫിള്‍സ് ആശുപത്രിയില്‍ ജൂണിലാണ് സംഭവമുണ്ടായത്. ജയില്‍ശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ചൂരലിനടിയും ശിക്ഷയായി ലഭിക്കും. നോര്‍ത്ത് ബ്രിജ് റോഡിലുള്ള ആശുപത്രിയിലാണ് ഇന്ത്യക്കാരനായ എലിപ് ശിവ നാഗു ജോലി ചെയ്തിരുന്നത്. ഇവിടെ ചികില്‍സയിരുന്ന മുത്തച്ഛനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പരാതിക്കാരന്‍.
സംഭവ ദിവസം വൈകുന്നേരം ഏഴരയോടെ യുവാവ് ശുചിമുറിയിലേക്ക് പോയി. അതിനുള്ളിലുണ്ടായിരുന്ന എലിപ് കയ്യില്‍ സോപ്പെടുത്ത ശേഷം യുവാവിന്‍റെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. നടുങ്ങിപ്പോയ യുവാവ് ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മുത്തച്ഛന്‍റെ അരികിലെത്തി. പിന്നാലെ ആശുപത്രി അധികൃതര്‍ക്ക് പരാതിയും നല്‍കി.
പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എലിപിനെ ജൂണ്‍ 23ന് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജോലിയില്‍ നിന്നും സസ്പെന്‍ഡും ചെയ്തുവെന്ന് ദ് സ്ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് എലിപിനെതിരെ കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ നടപടി ഇരയെ കടുത്ത മാനസിക പ്രശ്നത്തിലാക്കിയെന്നും ഇടയ്ക്കിടെ ദുരനുഭവത്തിന്‍റെ ഓര്‍മകള്‍ യുവാവിനെ കീഴ്പ്പെടുത്തുന്നുവെന്ന വാദവും കോടതി ശരിവച്ചു. കഴിഞ്ഞമാസമാണ് മാളിലെ നഴ്സിങ് റൂമില്‍ കയറിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിംഗപ്പുരില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് കോടതി നാലുവര്‍ഷം തടവുശിക്ഷ വിധിച്ചത്.