ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ച തന്‍റെ കവര്‍ചിത്രത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കവര്‍ ചിത്രത്തില്‍ തന്‍റെ മുടി അപ്രത്യക്ഷമായി എന്ന് ആരോപിച്ച ട്രംപ് ‘എക്കാലത്തെയും മോശം ഫോട്ടോ’ എന്നും കവര്‍ചിത്രത്തെ വിമര്‍ശിച്ചു.
‘അവർ എന്‍റെ തലമുടി അപ്രത്യക്ഷമാക്കി, എന്നിട്ട് എന്‍റെ തലയ്ക്ക് മുകളിൽ കിരീടം പോലെയുള്ള എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു, പക്ഷേ അത് വളരെ ചെറുതായിരുന്നു. ശരിക്കും വിചിത്രം! ’ എന്നായിരുന്നു ട്രംപിന്‍റെ ആക്ഷേപം. താഴെനിന്നുള്ള ആംഗിളുകളില്‍ നിന്ന് ചിത്രങ്ങൾ എടുക്കുന്നത് താന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും എന്നാല്‍ ഇത് വളരെ മോശം ചിത്രം എന്ന് വിളിക്കപ്പെടാൻ അർഹതയുണ്ട് എന്നും ട്രംപ് പറഞ്ഞു. ‘അവർ എന്താണ് ചെയ്യുന്നത്, എന്തുകൊണ്ട്?’ എന്നും ട്രംപ് ചോദിച്ചു. ചിത്രത്തിനൊപ്പമുള്ള സ്റ്റോറി താരതമ്യേന മികച്ചതാണെങ്കിലും കവര്‍പേജ് കൊണ്ട് ടൈം തന്നെ അപമാനിച്ചു എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
2023 ഒക്‌ടോബർ 7-ന് തുടങ്ങിയ ഇസ്രായേൽ-ഹമാസ് ശത്രുതയ്ക്ക് വിരാമമിട്ട് ഗാസ വെടിനിർത്തലും ബന്ദി കൈമാറ്റ ഇടപാടും നടപ്പാക്കിയതിന് ട്രംപിന് അംഗീകാരം ലഭിച്ച സമയത്താണ് 'ഹിസ് ട്രയംഫ്' എന്ന തലക്കെട്ടിൽ ഏറ്റവും പുതിയ ടൈം കവർ വന്നത്. കരാറിന്‍റെ ഭാഗമായി, തിങ്കളാഴ്ച 20 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചു, 2,000 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചതായും ഏകദേശം 360 ഫലസ്തീനികളുടെ അവശിഷ്ടങ്ങൾ കൈമാറിയതായും അധികൃതർ പറഞ്ഞു. ട്രംപിന് നഷ്ടമായ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയായത് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോ ആയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു.