2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇസ്രയേല്‍ പൗരൻ ആത്മഹത്യ ചെയ്തു. ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷമാണ് 28 കാരനായ റോയി ഷാലേവ് ആത്മഹത്യ ചെയ്തത്. രണ്ട് വർഷം മുമ്പ് നടന്ന ആക്രമണത്തില്‍ 25 കാരിയായ കാമുകി മാപാൽ ആദമിനെയും സുഹൃത്ത് ഹിലി സോളമനെയും റോയി ഷാലേവിന് നഷ്ടപ്പെട്ടിരുന്നു.
വെള്ളിയാഴ്ച, നെതന്യയ്ക്ക് സമീപമുള്ള ഹൈവേയില്‍ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിലാണ് ഷാലേവിനെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഷാലേവ് ഒരു ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പും ഷാലേവ് പങ്കുവച്ചിട്ടുണ്ട്. ‘എനിക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ല, എന്റെ ഉള്ളിൽ തീയാണ്. ഇനിയും എനിക്കത് ഉള്ളില്‍കൊണ്ടുനടക്കാന്‍ കഴിയില്ല. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും വേദനയും കഷ്ടപ്പാടും ഞാൻ അനുഭവിച്ചിട്ടില്ല. ആ വേദന എന്നെ ഉള്ളിൽ നിന്ന് തിന്നുകൊണ്ടിരുന്നു. ഇത് അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത്രയും കാലം ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും യാഥാര്‍ഥത്തില്‍ മരിച്ചിരുന്നു’ ഷാലേവ് കുറിച്ചു.
2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ നടന്ന ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലില്‍ ഷാലേവും കാമുകിയും പങ്കെടുക്കെവേയാണ് ഹമാസിന്‍റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ട്രക്കിനടിയിൽ ഇരുവരും ഒളിക്കുകയായിരുന്നു. മണിക്കൂറുകളോളം മരിച്ചതുപോലെ അഭിനയിച്ചു. എന്നാല്‍ പിന്നീട് കണ്ണുതുറന്ന ഷാലേവ് കാണുന്നത് വെടിയേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന ആദമിനെയാണ്. ഷാലേവിന് രണ്ടുതവണ വെടിയേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നു.
2024 ൽ ഒരു യൂട്യൂബ് അഭിമുഖത്തിൽ അവസാനമായി താനും ആദമും ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞതായും മരിച്ചതായി നടിക്കാൻ കണ്ണുകൾ അടച്ചതായും ഷാലെവ് ഓര്‍ത്തെടുത്തിരുന്നു. ‘ഞാൻ എന്റെ കണ്ണുകൾ തുറന്നപ്പോള്‍ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അവളെ കണ്ടു. അവളുടെ ഹൃദയത്തിൽ വെടിയേറ്റിരുന്നു’ ഷാലേവ് ഹൃദയം നുറുങ്ങി പറഞ്ഞു. ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം, ഷാലേവിന്റെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1200ൽ ഏറെ പേരെയാണ് അന്ന് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു സംഗീതോത്സവം നടന്ന സ്ഥലം. പിന്നാലെയുണ്ടായ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 40,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.