maria-corina-machado

2025ലെ നൊബേല്‍ സമാധാന പുരസ്കാരം മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചതോടെ വെനസ്വേലയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ വീണ്ടും ലോകശ്രദ്ധയിലേക്ക് വരികയാണ്. സ്വച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടിയ വെനസ്വേലയു‌ടെ ഉരുക്കുവനിതയാണ് മരിയ കൊറീന മച്ചാ‍ഡോ. ഈ പുരസ്കാരം വെറുമൊരു അംഗീകാരമല്ല, മറിച്ച് ദീര്‍ഘകാലമായി ഭരണകൂട ഭീകരതയുടേയും സാമ്പത്തിക തകര്‍ച്ചയുടേയും നടുവില്‍ കഴിയുന്ന ഒരു ജനതയ്ക്ക് ലഭിച്ച ശക്തമായ ലോക പിന്തുണ കൂടിയാണ്. 

മരിയ കൊറീന മച്ചാ‍‍ഡോ വെറുമൊരു രാഷ്ട്രീയ നേതാവല്ല, വെനസ്വേലന്‍ പ്രതിപക്ഷ പ്രസ്ഥാനത്തിലെ വിട്ടുവീഴ്ചയില്ലാത്ത ശബ്ദമാണ് ഈ അന്‍പത്തിയെട്ടുകാരി. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറായ മരിയയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 2002ല്‍ സുമറ്റെ എന്ന പൗരാവകാശ സംഘടനയുടെ സഹസ്ഥാപക എന്ന നിലയിലാണ്. വെനസ്വേലയില്‍ തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക, പൗരാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സ്വതന്ത്രമായ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സമറ്റെയുടെ ലക്ഷ്യം.

മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ലക്ഷ്യമിട്ടുള്ള റീക്കോള്‍ റഫറണ്ടത്തിന് വേണ്ടി സുമറ്റൈ ശക്തമായി വാദിച്ചു. ഇത് മച്ചാഡോയെ ഭരണകൂടത്തിന്റെ കടുത്ത എതിരാളിയാക്കി മാറ്റി. പിന്നീടങ്ങോട്ട് അവര്‍ ഏറ്റെടുത്ത ദൗത്യം അവരുടെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയത് ചരിത്രം. 2011 മുതല്‍ 2014 വരെ വെനസ്വേല ദേശീയ അസംബ്ലിയിലെ ഡെപ്യൂട്ടിയായിരുന്നു ഇവര്‍. ഭരണകൂടത്തിന്റെ അഴിമതിയ്ക്കും ഏകാധിപത്യപ്രവണതകള്‍ക്കുമെതിരെ സഭയ്ക്കുള്ളിലും പുറത്തും ശക്തമായി നിലകൊണ്ടു. 2014ല്‍ പ്രസി‍‍ഡന്റ് നിക്കോളസ് മഡുറോയുടെ ഭരണകൂടം അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. 

maria-corina-machado-n

മചാഡോയുടെ പോരാട്ടങ്ങള്‍ ഒരിക്കലും വ്യക്തിനേട്ടങ്ങള്‍ വേണ്ടിയുള്ളതായിരുന്നില്ല. നിയമവാഴ്ചയും പൗരാവകാശങ്ങളും പുനസ്ഥാപിക്കുന്നതിന് വേണ്ടി വെനിസ്വേലയന്‍ ജനതയുടെ ഉറച്ച ശബ്ദമായി അവര്‍ നിലകൊള്ളകയായിരുന്നു. 2024ലെ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് നിന്നുള്ള ഏക സ്ഥാനാര്‍ഥിയായിരുന്നു മരിയ. പ്രൈമറിയില്‍ വിജയിച്ചുവെങ്കിലും നിലവിലെ ഭരണകൂടെ പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് മരിയക്ക് 15 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്ക് വന്നതോടെ നേരിട്ട് മല്‍സരിക്കാന്‍ മരിയക്ക് സാധിച്ചില്ല. എന്നാല്‍ രാജ്യമെമ്പാടുമുള്ള പതിനായിരങ്ങളെ അണിനിരത്തി അവര്‍ ജനാധിപത്യത്തിനായുള്ള പോരാട്ടം തുടര്‍ന്നു. 

തന്റെ പിന്തുണ എഡ‍്മുണ്ടോ ഗോണ്‍സാലസ് ഉറൂട്ടിയ എന്ന മറ്റൊരു പ്രതിപക്ഷ നേതാവിന് കൈമാറിയതോടെ വ്യക്തിപരമായ ലക്ഷ്യങ്ങളേക്കാള്‍ വലുതാണ് ജനാധിപത്യമെന്ന് അവര്‍ തെളിയിച്ചു. സ്വന്തം വീട് വിട്ട് ഒളിവിലിരിക്കേണ്ട അവസ്ഥ വന്നപ്പോഴും രാജ്യം വിടാന്‍ പക്ഷേ ഇവര്‍ തയാറായില്ല. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും മരിയ്ക്കായി. 

മച്ചാ‍ഡോയുടെ രാഷ്ട്രീയ നിലപാടുകള്‍ വെനസ്വേലന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വലതുപക്ഷത്തേക്കോ, ലിബറല്‍ പക്ഷത്തേക്കോ ചായ്‍വുള്ളയാണ്. ഇതിനാല്‍ തന്നെ ട്രംപുമായി മരിയയെ എതിര്‍കക്ഷികള്‍ താരതമ്യം ചെയ്യുന്നുണ്ടെങ്കിലും അതിനുള്ള മറുപടി മരിയയുടെ പ്രവര്‍ത്തനം കൂടിയാണെന്നാണ് മരിയയെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം. അതത് രാജ്യങ്ങളിലെ രാഷ്ട്രീയ സ്പെക്ട്രത്തിന്റെ വലതുപക്ഷത്ത് ഉള്‍പ്പെടുത്താമെങ്കിലും അരവുടെ രാഷ്ട്രീയശൈലികള്‍ വ്യത്യസ്തമാണ്. 

മച്ചാഡോയുടെ പോരാട്ടം അധികാരത്തിലുള്ള സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ളതാണ്. ട്രംപിന്റെ രാഷ്ട്രീയം കൂടുതലായും ദേശീയതയിലും ജനകീയവാദത്തിലും അധിഷ്ഠിതമാണ്.  വെനസ്വേലയ്ക്ക് പുറത്ത് മരിയ കൊറീനയയ്ക്ക് വിമര്‍ശകര്‍ ഒട്ടനവധിയാണ്. ഇസ്രയേലിനോട് അടുപ്പമുള്ള നേതാവാണ് മരിയ കൊറീന മച്ചാ‍ഡോയെന്നത് തന്നെയാണ് ഇതിന്റെ ഒരു കാരണം. 

2024ല്‍ യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരമായ സഖാറോവ് പ്രൈസും മരിയ കൊറീനയ്ക്ക് ലഭിച്ചിരുന്നു. 

മരിയ കൊറീന മച്ചാഡോയുടെ ജീവിതവും പോരാട്ടവും ഭയത്തില്‍ നിന്ന് സ്വാതന്ത്രത്തിലേക്കും ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ഒരു ജനതയുടെ യാത്രയുടെ പ്രതീകമായി എക്കാലവും നിലനില്‍ക്കും. ഈ പുരസ്കാരനേട്ടം ലോകമെമ്പാടുമായി മാറ്റത്തിനായി നിലകൊള്ളുന്നവര്‍ക്ക് ലഭിച്ച ഒരു അംഗീകാരമാണ്.

ENGLISH SUMMARY:

Maria Corina Machado, the uncompromising voice of Venezuela's opposition, has won the 2025 Nobel Peace Prize for her fight against the Maduro regime. The award brings global attention to the nation's struggle for democracy and civil rights.