2025ലെ സമാധാന നൊബേല്‍ വനിതയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്കാണ് പുരസ്കാരം. വെനസ്വേലയുടെ അയണ്‍ ലേഡി എന്നും മരിയ അറിയപ്പെടുന്നു. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം. മരിയ കൊരീന മച്ചാഡോ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യ സംരക്ഷണ പോരാട്ടം സമാധാനപരമായി നടത്തിയതിനാണ് പുരസ്കാരം. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ അവകാശവാദം ഉന്നയിച്ചെങ്കിലും നിരാശനായി.
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മരിയ കൊരീന മച്ചാഡോ നടത്തിയ പ്രവര്‍ത്തനവും ജനാധിപത്യത്തിനായുള്ള നീതിയുക്തവും സമാധാനപരവുമായ പോരാട്ടവും കണക്കിലെടുത്താണ് അക്കാദമി മരിയയെ തിരഞ്ഞെടുത്തത്. ഇരുട്ടില്‍ ജനാധിപത്യത്തിന്റെ ജ്വാല അണയ്ക്കാതെ നിലനിര്‍ത്തുന്ന സ്ത്രീ എന്നാണ് സമാധാന നൊബേല്‍ ചെയര്‍മാന്‍ ജോര്‍ഗന്‍ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊരീന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മച്ചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയായിരുന്നു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും മരിയ കൊരീന മച്ചാഡോ ഉൾപ്പെട്ടിരുന്നു.