FILE PHOTO: U.S. President Donald Trump talks to Israeli Prime Minister Benjamin Netanyahu during a meeting where Trump announced nuclear talks with Iran, Washington, U.S., April 7, 2025. REUTERS/Kevin Mohatt/File Photo/File Photo

ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിനോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണത്തില്‍ യു.എസിന് രോഷം. നെതന്യാഹുവുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിവിളിച്ചു എന്നാണ് വിവരം. 

ട്രംപ് 20 ഇന ഗാസ പദ്ധതിയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്‍റെ തീരുമാനം ഒന്നുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ദേഷ്യത്തോടെ ട്രംപ് തെറിവിളിച്ചു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതൊന്നും ആഘോഷിക്കാനുള്ളതല്ല, ഇതൊന്നും ഒരു അര്‍ഥവുമില്ല എന്നാണ് നെതന്യാഹു ട്രംപിനോട് പറഞ്ഞത്. നിങ്ങളെന്തിനാണ് എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നത് എന്നാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്. തെറിവാക്ക് കൂടിചേര്‍ത്തായിരുന്നു ട്രംപിന്‍റെ സംസാരം. ഇതൊരു വിജയമാണെന്നും ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്‌സിയോസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബന്ദി മോചനം എന്ന ഹമാസ് പ്രഖ്യാപനം അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസിന്‍റെ പ്രഖ്യാപനം ട്രംപിന്‍റെ ഗാസ പദ്ധതിയെ നിരാകരിക്കുന്നതാണെന്നാണ് നെതന്യാഹുവിന്‍റെ വാദം. ഇക്കാര്യം നെതന്യാഹു സ്വകാര്യ യോഗങ്ങളില്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ആത്യന്തികമായി ട്രംപ് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്‍റെ ഗാസ പ്ലാന്‍ ഹമാസ് പൂര്‍ണമായും നിരസിക്കും എന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹമാസിന്‍റെ പ്രതികരണം സ്വാഗതം ചെയ്ത ട്രംപ് ഗാസയില്‍ ബോംബാക്രമണം നിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. 

ENGLISH SUMMARY:

Netanyahu's response to Hamas regarding the Gaza plan has angered the US. Trump reportedly cursed at Netanyahu during a private phone call due to his negative stance on the hostage release.