TOPICS COVERED

അടങ്ങാത്ത പോരാട്ട വീര്യം അതാണ് അവളുടെ മുഖമുദ്ര. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ  സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ഒരു പ്ലക്കാര്‍ഡുമായി  കാലാവസ്ഥാവ്യതിയാനത്തിന് കാരണക്കാരായ ലോക രാജ്യങ്ങള്‍ക്കെതിരെ  നടപടി ആവശ്യപ്പെട്ട് അവളൊരു പ്രക്ഷോഭം നടത്തി. വ്യവസായരാഷ്ട്രങ്ങളുടെ തലവന്‍മാരെ ചോദ്യമുനയില്‍ നിര്‍ത്തിയ ആ പ്രക്ഷോഭം  ലോകമറിഞ്ഞു. ഒപ്പം ഗെറ്റ തന്‍ബര്‍ഗ് എന്ന പെണ്‍കുട്ടിയെയും. 2019ല്‍ തന്‍റെ 16ാം വയസില്‍  ഗ്രെറ്റ  ടൈം മാഗസിന്‍റെ  പഴ്സണ്‍ ഓഫ് ദ ഇയര്‍ ആയത്   പരിസ്ഥിതിക്കായി ലോകമെമ്പാടും നടന്ന പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി 

'How dare you?' യുനൈറ്റഡ് നേഷൻസിൽ മുഴങ്ങിയ ഗ്രെറ്റയുടെ ആ പ്രസംഗ‌ത്തുടക്കം  ഇന്നും ലോകം ഓർക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റത്തോടുള്ള ലോക നേതാക്കളുടെ അശ്രദ്ധയെ  വിമർശിച്ചുളള  ഈ പ്രസംഗത്തിലടെ അവള്‍  യുവാക്കളുടെ വിശ്വാസവും, പ്രതീക്ഷയുമായി.  പോരാട്ടത്തിന്‍റെ കനല്‍വഴികള്‍ താണ്ടിയപ്പോള്‍  ഗ്രെറ്റയുടെ സമീപനങ്ങളിലുമുണ്ടായി മാറ്റം.

പരിസ്ഥിതിയും മനുഷ്യാവകാശവും വേറിട്ടു നില്‍ക്കുന്നതല്ലെന്ന തിരിച്ചറിവായിരുന്നു അതില്‍ പ്രധാനം. ഗാസയില്‍ ദുരിതമനുഭവിക്കുന്ന ജനയെ കുറിച്ചുള്ള ചിന്ത അവളെ ഏറെ അസ്വസ്ഥയാക്കി.  ഭക്ഷണവും വെള്ളവും  കിട്ടാതെ, മരുന്നില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ. ലോകം അവരെ മറക്കരുത് എന്ന് ഗ്രെറ്റ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

വാക്കുകള്‍ കൊണ്ട് കാര്യമില്ലെന്ന്  തിരിച്ചറിഞ്ഞ ഗ്രെറ്റ ഒടുവില്‍ അവരെ സഹായിക്കാന്‍ നേരിട്ടിറങ്ങി. ഗാസയ്ക്ക്  സഹായവുമായി  മാഡ്‌ലീന്‍ എന്ന കപ്പലിലായിരുന്ന യാത്ര. പക്ഷേ അത് അധികം നീണ്ടു നിന്നില്ല.  ഇസ്രായേൽ നാവികസേന ആ കപ്പല്‍ പിടിച്ചെടുത്തു. ഗ്രെറ്റയും കൂടെയുള്ള മറ്റു പ്രവർത്തകരും തടവിലായി,  മാഡ്‌ലീനിലെ 12 യാത്രക്കാരിൽ ഒരാളായിരുന്നു ഗ്രെറ്റ.  ഗാസയിൽ നിന്ന് 200 കിലോമീറ്റർ‌ അകലെ നിന്നായിരുന്നു ഇസ്രയേല്‍ നാവിക സേന ഈ കപ്പല്‍ പിടിച്ചെടുത്തത്. പിന്നീട് ഇസ്രായേൽ അവരെ ഡിപോർട്ട് ചെയ്തു.

എന്നാല്‍ തനിക്ക് എന്തുതന്നെ സംഭവിച്ചാലും ഗാസയിലെ കുട്ടികൾക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ ഉറച്ച് തന്നെയായിരുന്നു ഗ്രെറ്റ.  വീണ്ടും ഗാസയിലെ ജനങ്ങള്‍ക്കായി അവശ്യവസ്തുക്കളും മരുന്നും സമാഹരിച്ചു . ഇക്കുറി ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല എന്ന മനുഷ്യാവകാശ സംഘത്തിനൊപ്പമായിരുന്നു ഗ്രെറ്റയുടെ യാത്ര. സംഘത്തിന്‍റ  ഗാസ ദൗത്യത്തില്‍ ഒന്നല്ല 40ഓളം യാനങ്ങളാണുണ്ടായിരുന്നത് .

സെപ്റ്റംബര്‍ 1ന്  ആ സംഘം ഗാസ ലക്ഷ്യമിട്ട് ബാഴ്സലോണയില്‍ നിന്ന് യാത്ര തുടങ്ങി.  ഇസ്രയേൽ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള  സമുദ്ര ഉപരോധം ഇല്ലാതാക്കുക എന്നതായിരുന്നു സംഘത്തിന്‍റെ മുദ്രാവാക്യം . ഒപ്പം പട്ടിണിയിലും രോഗങ്ങളിലും വലയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നമെത്തിക്കുകയും സംഘത്തിന്‍റെ ലക്ഷ്യമായിരുന്നു.   

ഗാസയിലെ കുട്ടികളുടെ സുരക്ഷയ്ക്കും  ഭാവിക്കുമായാണ്  തന്‍റെ പോരാട്ടമെന്ന് ഗ്രെറ്റ യാത്രയുടെ ഒരോഘട്ടത്തിലും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. മനുഷ്യാവകാശത്തിനായി നിലകൊള്ളുന്ന ഓരോരുത്തരുടെയും മനസിനെ സ്പര്‍ശിക്കുന്നതായി ആ വാക്കുകള്‍ . പക്ഷേ ഒക്ടോബര്‍ ഒന്നിന് ഗാസയില്‍ നിന്ന് 75 നോട്ടിക്കല്‍ മൈല്‍ അകലെവച്ച്  ഗ്രെറ്റ അടക്കമുമുള്ള ഗ്ലോബല്‍ സമുദ് ഫ്ളോട്ടില്ല സംഘത്തെ    ഇസ്രയേല്‍ നാവികസേന വളഞ്ഞു . 

ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. കപ്പലിലുള്ളവരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തതായും ഗ്രെറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ബോട്ടില്‍ ഇരിക്കുന്ന ഗ്രെറ്റയുടെ വീഡിയോയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്

ഗസയിലെ ജനങ്ങള്‍ക്ക് നീതി , അതാണ് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലെ ഗ്രെറ്റ ഉയര്‍ത്തുന്ന  മുദ്രാവാക്യം. അതിനായി അവള്‍ നടത്തുന്ന പോരാട്ടം ‌കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയിലും പ്രതീക്ഷ പകരുന്നതാണ്.

ENGLISH SUMMARY:

Greta Thunberg is a renowned climate change activist known for her unwavering dedication to environmental and human rights causes. Her recent efforts to provide aid to Gaza, despite facing obstacles, highlight her commitment to global humanitarian issues.