Image Credit: facebook.com/ryanair
ആകാശമധ്യേ വച്ച് വിമാനത്തിനുള്ളിലുണ്ടായ നാടകയീയ സംഭവങ്ങളെ തുടര്‍ന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിന് പാരിസില്‍ അടിയന്തര ലാന്‍ഡിങ്. ഇറ്റലിയിലെ മിലാനില്‍ നിന്നും പുറപ്പെട്ട റയ്നര്‍ വിമാനത്തിലാണ് അത്യന്തം നാടകീയമായ സംഭവങ്ങളുണ്ടായത്. വിമാനം മിലാനില്‍ നിന്ന് പുറപ്പെട്ട് 15 മിനിറ്റ് കഴിഞ്ഞതോടെയായിരുന്നു സംഭവമുണ്ടായത്.
സീറ്റ് ബെല്‍റ്റുകള്‍ അഴിച്ചിട്ടോളാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമാനത്തിന്‍റെ മുന്‍ഭാഗത്തായുള്ള സീറ്റിലിരുന്നയാള്‍ എഴുന്നേറ്റ് നിന്നശേഷം തന്‍റെ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി വായിലിട്ട് ചവയ്ക്കാന്‍ തുടങ്ങി. ഇതോടെ സഹയാത്രക്കാര്‍ പരിഭ്രാന്തിയിലായി. പാസ്പോര്‍ട്ട് കീറിയ ആളുടെ ഒപ്പമുണ്ടായിരുന്ന ആളാവട്ടെ തന്‍റെ പാസ്പോര്‍ട്ട് വേഗത്തില്‍ കയ്യിലെടുത്ത ശേഷം കീറി ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാനാണ് ശ്രമിച്ചത്. സംഭവിക്കുന്നതെന്താണെന്ന് മനസിലാവാതിരുന്ന ജീവനക്കാര്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയാറായില്ല. 'ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെ'ന്നായിരുന്നു എയര്‍ഹോസ്റ്റസ് അനൗണ്‍സ് ചെയ്തത്. ഇതും മറ്റുയാത്രക്കാരെ പരിഭ്രാന്തരാക്കി. ഇതിന് പിന്നാലെയാണ് വിമാനം പാരിസിലേക്ക് വഴി തിരിച്ച് വിട്ട് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വിമാനം പാരിസില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതര്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരുടെ സാധന സാമഗ്രികളെല്ലാം വിശദമായി പരിശോധിച്ചു. രണ്ടുമണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടര്‍ന്നത്. അതേസമയം, വിമാനത്തിനുള്ളില്‍ അസാധാരണമായി പെരുമാറിയവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നതില്‍ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് കനത്ത പിഴയും യാത്രവിലക്കുമടക്കം നേരിടേണ്ടി വരും.