Image Credit: PTI
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി നടത്തിയ നുണപ്രസംഗത്തെ പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യന്‍ നയതന്ത്രജ്ഞയായ പേറ്റല്‍ ഗഹ്‍ലോട്ടാണ് വസ്തുതകള്‍ നിരത്തി പാക്കിസ്ഥാനെ നിര്‍ത്തിപ്പൊരിച്ചത്. പാക് പ്രധാനമന്ത്രി ഉയര്‍ത്തിയ അസംബന്ധവും അവാസ്തവവുമായ ആരോപണങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ഗഹ്ലോട്ടിന്റെ മറുപടി. പാക് വിദേശനയത്തിന്‍റെ കേന്ദ്ര ബിന്ദു തന്നെ ഭീകരതയാണെന്ന് ഇന്ത്യ തുറന്നടിച്ചു.
പ്രകോപനമില്ലാതെ ഇന്ത്യ അധിനിവേശം നടത്തിയെന്നായിരുന്നു ഓപ്പേറഷന്‍ സിന്ദൂറിനെ കുറിച്ച് പാക് പ്രധാനമന്ത്രിയുടെ വാദം. പാക് സൈന്യം പകരം വയ്ക്കാനില്ലാത്ത പ്രഫഷനലിസത്തോടും ധീരതയോടും തിരിച്ചടിച്ചുവെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 'ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന ഭീകരസംഘടനയെ പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്തതാണെന്നും പഹല്‍ഗാമില്‍ ഏപ്രില്‍ 22നുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഈ സംഘടനയാമെന്നും ഇതേ പാക്കിസ്ഥാന്‍ തന്നെയാണ് അല്‍ ഖ്വായിദ തലവന്‍ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയതെന്നും അവര്‍ തുറന്നടിച്ചു.
'എത്ര നാടകം കളിച്ചാലും ആകാശത്തോളം പോന്ന നുണ പറഞ്ഞു പരത്തിയാലും വസ്തുതകളെ മറച്ചു വയ്ക്കാന്‍ അതൊന്നും പോരാതെ വരും. പാക്കിസ്ഥാന്‍ തന്നെയാണ് ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഏപ്രില്‍ 25ന് തള്ളിപ്പറഞ്ഞത്. അതേ സംഘടനയെ ഇന്ന് ചേര്‍ത്ത്പിടിക്കുന്നു'– അവര്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ജയിച്ചത് പാക്കിസ്ഥാനാണെന്ന പാക് പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ഗഹ്ലോട്ട് ഖണ്ഡിച്ചു. പാക്കിസ്ഥാനിലെ തകര്‍ന്ന റണ്‍വേകളുടെയും ഹാങറുകളുടെയും ചിത്രങ്ങള്‍ തെളിവായി മുന്നിലുണ്ടെന്നും തകര്‍ന്ന് തരിപ്പണമായ റണ്‍വേയും കത്തിച്ചാമ്പലായ ഹാങറുമാണ് പാക്കിസ്ഥാന്‍റെ വിജയമെങ്കില്‍ അത് ആസ്വദിച്ചു കൊള്ളൂവെന്നും അവര്‍ പരിഹസിച്ചു. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകള്‍ അടച്ചുപൂട്ടുകയും ഭീകരന്‍മാരെ ഇന്ത്യയ്ക്ക് കൈമാറുകയുമാണ് വേണ്ടതെന്നും ഗഹ്ലോട്ട് പറഞ്ഞു.