FILE - Israeli Prime Minister Benjamin Netanyahu and U.S. Secretary of State Marco Rubio (not shown) hold a joint press conference at the Prime Minister's Office, during Rubio's visit, in Jerusalem, Monday, Sept. 15, 2025. (Nathan Howard/Pool Photo via AP, File)

യൂറോപ്യന്‍ രാജ്യങ്ങള്‍ അറസ്റ്റ് ചെയ്തേക്കുമോ എന്ന ഭയത്തെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സഞ്ചാരപാത മാറ്റിയെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് യൂറോപ്പിന്‍റെ ആകാശം നെതന്യാഹു ഒഴിവാക്കിയത്. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് രാജ്യാന്തര ക്രിമിനല്‍ കോടതി 2024 നവംബറില്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 

യൂറോപ്പിന്‍റെ ഭൂരിഭാഗം വ്യോമപാതയും ഒഴിവാക്കിയതോടെ നെതന്യാഹുവിന്‍റെ വിമാനമായ 'വിങ്സ് ഓഫ് സയണ്‍' 373 മൈല്‍ (600 കിലോ മീറ്റര്‍) അധികം സഞ്ചരിക്കേണ്ടി വന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്.  നെതന്യാഹുവിന് പുറമെ ഇസ്രയേലിന്‍റെ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍റിനും ഐസിസിയുടെ അറസ്റ്റ് വാറന്‍റുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കുരുതിയിലാണ് വാറന്‍റ്. 

തങ്ങളുടെ അതിര്‍ത്തിയില്‍ നെതന്യാഹു എന്ന് പ്രവേശിച്ചാലും അറസ്റ്റ് ചെയ്യുമെന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അംഗങ്ങളായ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നാല്‍ വിമാനം നിലത്തിറക്കേണ്ടി വരുമെന്നും അറസ്റ്റിലാകുമെന്നും ഉറപ്പായതിന് പിന്നാലെയാണ് സഞ്ചാരപാത നെതന്യാഹു മാറ്റിയത്. രാജ്യത്ത് കടന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് അയര്‍ലന്‍ഡാണ് ആദ്യം പ്രഖ്യാപിച്ചത്. അതേസമയം, ഐസിസി അന്വേഷണത്തോട് സഹകരിക്കുമെന്നായിരുന്നു സ്പെയിനിന്‍റെ പ്രസ്താവന. ഫ്രാന്‍സാവട്ടെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് നിലപാടെടുത്തു. അതേസമയം പുട്ടിന്‍റെ കാര്യത്തില്‍ തീര്‍ത്തും വിഭിന്നമായ നിലപാടാണ് ഫ്രാന്‍സ് കൈക്കൊണ്ടത്. ഇസ്രയേലിനെയും  അമേരിക്കയെയും പോലെ റഷ്യയും രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗമല്ല. 

നെതന്യാഹു യുഎസിലേക്കുള്ള സഞ്ചാരപാത മാറ്റിയതില്‍ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തിറക്കിയിട്ടില്ല. അതേസമയം, ഫ്രാന്‍സിന്‍റെ വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടി ഇസ്രയേല്‍ പ്രതിനിധി ബന്ധപ്പെട്ടുവെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ് അനുവാദം നല്‍കുകയും ചെയ്തു. പക്ഷേ ഇസ്രയേല്‍ ഫ്രാന്‍സിന്‍റെ ആകാശവും ഒഴിവാക്കുകയായിരുന്നു. ഇതിന്‍റെ കാരണം അറിയില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Benjamin Netanyahu changed his travel route due to fears of arrest in European countries. He avoided European airspace while traveling to the United Nations General Assembly due to an ICC arrest warrant issued in November 2024 for alleged war crimes.