വോട്ടെടുപ്പിലൂടെ കേരളത്തേക്കാള്‍ മുന്നേ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന രാജ്യം. അവിടെ ഭരിക്കാന്‍ ഒന്നല്ല, രണ്ട് കാപ്റ്റന്മാര്‍. ബഹുമാനപ്പെട്ട ചേര്‍ത്ത് വിളിക്കാന്‍ ഉത്തരവുകളും വേണ്ട. കൊച്ചുരാജ്യമായ സാന്‍ മരീനോയിലെ കാപ്റ്റന്മാരെ എക്സലന്‍സി ചേര്‍ത്തു വിളിക്കുന്നതാണ് രീതി. ചില ചെറിയ പ്രശ്നങ്ങളുണ്ടെന്നു മാത്രം.
അറബിക്കടലിന്റെ തീരത്തെ കൊച്ചു സംസ്ഥാനമാണ് കേരളമെങ്കില്‍ യൂറോപ്പില്‍ ഇറ്റലിക്കുള്ളില്‍ അഡ്രിയാറ്റിക് കടലിനോടു തൊട്ടുചേര്‍നാണ് സാന്‍ മരീനോ. ആകെ വിസ്തീര്‍ണം 61.19 ചതുരശ്ര കിലോമീറ്റര്‍ മാത്രം. അതായത് കൊല്ലം കോര്‍പറേഷനേക്കാള്‍ 12 ചതുരശ്ര കിലോമീറ്റര്‍ കുറവ്. കാപ്റ്റന്‍മാരെ ആറുമാസം തോറും തിരഞ്ഞെടുക്കും. അയ്യായിരം യൂറോ, അതായത് അഞ്ചുലക്ഷം രൂപ മാസ ശമ്പളം കിട്ടും. ആറുമാസത്തെ ഭരണം കഴിഞ്ഞാല്‍ പെന്‍ഷനോ കാറോ വീടോ ഒന്നുമില്ല. മുന്‍കാല ജീവിതം അതേപടി തുടരാം. വെറും മുപ്പതിനായിരം പേരില്‍ താഴെ മാത്രം ജനസംഖ്യയുള്ള സാന്‍ മരീനോയില്‍ എങ്ങനെ ഈ കാപ്റ്റന്‍പദവി വന്നു. അതും ഒന്നല്ല, രണ്ടുപേര്‍. ഒരു വ്യക്തി പരമാധികാരിയാവുന്നത് ഒഴിവാക്കാന്‍ ഈ പതിവ് തുടങ്ങിയത് 800 വര്‍ഷം മുന്‍പ്. റോമന്‍ റിപ്പബ്ലിക്കന്‍ പാരമ്പര്യത്തിന്‍റെ തുടര്‍ച്ച.
സാന്‍ മരീനോ പാര്‍ലമെന്റിനെ ജനം അഞ്ചുവര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. ആകെ 60 അംഗങ്ങള്‍. ആറുമാസം കൂടുമ്പോള്‍ കാപ്റ്റന്‍ തിരഞ്ഞെടുപ്പ് നടക്കും. അഞ്ചുവര്‍ഷം കൊണ്ട് 10 കാപ്റ്റന്മാര്‍. കാപ്റ്റനെ എക്സലന്‍സി എന്നു വിളിക്കണം. ഒരു തവണയെങ്കിലും കാപ്റ്റനായി ഭാര്യയുടെ എക്സലന്‍സി വിളി കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു സാന്‍ മരീനോക്കാരനെയും യാത്രയ്ക്കിടെ കണ്ടു. സാൻ മരീനോയിലെ രണ്ട് കാപ്റ്റന്മാര്‍ അധികാരം ഒരു വ്യക്തിയിലേക്ക് േകന്ദ്രീകരിക്കുന്നത് തടയാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന കരുതലാണ്. കേരളത്തിലാകട്ടെ, അത് വ്യക്തിപരമായ അധികാരത്തിന്റെ ഒരു രാഷ്ട്രീയ ആഘോഷവും. ഒന്ന് വ്യവസ്ഥയെ നിലനിര്‍ത്താനുള്ള ചരിത്രപരമായ പിന്തുടര്‍ച്ച, മറ്റൊന്ന് നേതൃത്വത്തെ പ്രശംസിക്കാനുള്ള വിളിപ്പേരും.