Image: X
പാക്കിസ്ഥാനില്‍ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വയില്‍ പാകിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പുലർച്ചെ 2 മണിയോടെ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് എട്ട് ബോംബുകള്‍ വര്‍ഷിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 30 പേർ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരസംഘടനയായ തെഹ്‌രിക്–ഇ–താലിബാൻ–പാക്കിസ്ഥാന്‍റെ താവളങ്ങൾ പാക് വ്യോമസേന ലക്ഷ്യമിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിർത്തി പ്രദേശങ്ങളിൽ പഷ്തൂണ്‍ ഗോത്രവിഭാഗക്കാര്‍ ഏറെയുള്ള മത്രെ ദാര ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്നാണ് എൽഎസ്-6 ബോംബുകൾ വർഷിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ ഖൈബർ പഖ്തൂൺഖ്വയിലേക്ക് താവളം മാറ്റാനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതെല്ലാം പാക് ഭരണകൂടത്തിന്‍റെ പിന്തുണയുള്ള സംഘടനകളാണ്. എന്നാല്‍ ടിടിപി പാക് സര്‍ക്കാരിനെതിരാണ്. ഞായറാഴ്ച, ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ നടത്തിയ ഓപ്പറേഷനില്‍ ഏഴ് ടിടിപി ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു. ഇതില്‍ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരും രണ്ട് ചാവേറുകളുമാണെന്നാണ് പാക് സൈന്യം അറിയിച്ചത്. സെപ്റ്റംബർ 13-14 തീയതികളിൽ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 31 ടിടിപി അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യകളിൽ ഭീകരപ്രവര്‍ത്തനങ്ങള്‍ വർദ്ധിച്ചുവരികയാണെന്നും ഭീകരർക്കൊപ്പം നിൽക്കണോ അതോ പാകിസ്ഥാനോടൊപ്പം നിൽക്കണോ എന്ന് അഫ്ഗാനിസ്ഥാൻ ഉടന്‍ തീരുമാനിക്കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ഭീകരാക്രമണങ്ങളുടെ ‘കെപികെ’
2025 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഖൈബർ പഖ്തൂൺഖ്വയില്‍ 605 ഭീകരാക്രമണങ്ങൾ നടന്നതായാണ് പൊലീസിന്‍റെ കണക്ക്. ഈ ആക്രമണങ്ങളിൽ 138 സാധാരണക്കാർ കൊല്ലപ്പെടുകയും 352 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 79 പാകിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 130 പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗസ്റ്റിൽ മാത്രം 129 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ എഴുപത്തെട്ടും.