japan-love

TOPICS COVERED

'പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം'. അല്ലാതെ നോക്കിയിരുന്നിട്ട് കാര്യമില്ല. ജപ്പാന്‍കാരി അസറാഷി എന്ന അറുപത്തിമൂന്നുകാരിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. എന്തുകൊണ്ടാണ് ഈ സ്ത്രീ പറയുന്നതിന് ഇത്ര പ്രത്യേകത എന്നല്ലേ... തന്‍റെ 63ആം വയസില്‍ സോള്‍മേറ്റിനെ കണ്ടെത്തിയിരിക്കുകയാണ് അസറോഷി. ‌ തന്‍റെ മകനേക്കാള്‍ 6 വയസ് പ്രായക്കുറവുള്ള ആളെയാണ് അസറാഷി പ്രണയിച്ച് വിവാഹം കഴിച്ചത്. 

2020ലാണ് ഈ പ്രണയകാവ്യത്തിന്‍റെ തുടക്കം. ഒരു കഫേയിലിരിക്കുകയായിരുന്നു അസറാഷി.  എന്നാല്‍ താനിരുന്ന ടേബിളിനടിയില്‍ ഒരു ഉടമസ്ഥനില്ലാത്ത ഫോണ്‍  റിംഗ് ചെയ്യുന്നത് അസറാഷി കേട്ടു.  അസറാഷി ഫോണെടുത്തു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍. തന്‍റെ ഫോണ്‍ നഷ്ടപ്പെട്ട ആശങ്കയിലായിരുന്നു യുവാവ്. എന്നാല്‍ ആശങ്ക വേണ്ട താന്‍ ഈ കഫേയിലുണ്ട് ഫോണ്‍ സുരക്ഷിതമാണ് എന്ന് അസറാഷി ചെറുപ്പക്കാരനെ അറിയിച്ചു. അല്‍പ്പസമയത്തിന് ശേഷം ചെറുപ്പക്കാരന്‍ വരികയും അസറാഷിയില്‍ നിന്ന് ഫോണ്‍ വാങ്ങി നന്ദി പറ‍ഞ്ഞ് മടങ്ങുകയുമായിരുന്നു.  ഏതൊരു മനുഷ്യനും ചെയ്തേക്കാവുന്ന ഒരു നല്ല പ്രവര്‍ത്തി എന്ന് മാത്രമേ അസറാഷി സംഭവത്തെക്കുറിച്ച് ഓര്‍ത്തതുള്ളു. തുടര്‍ന്ന് അവര്‍ അത് മറക്കുകയും ചെയ്തു. എന്നാല്‍ വിധിക്ക് മറ്റ് പ്ലാനുകളുണ്ടായിരുന്നു.

2 പതിറ്റാണ്ട് നീണ്ട വിവാഹബന്ധത്തിനൊടുവില്‍ 48ആം വയസില്‍ വിവാഹമോചനം നേടിയ സ്ത്രീയായിരുന്നു അസറാഷി. മകനെ ഒറ്റയ്ക്ക് വളര്‍ത്തേണ്ട ചുമതലയും അവര്‍ ഏറ്റെടുത്തു. എന്നാല്‍ അപ്രതീക്ഷിതമായ ഒറ്റപ്പെടല്‍ യുവതിക്ക് വേദനയായി. നിരവധി ഡേറ്റിങ് ആപ്പുകളില്‍ തിരഞ്ഞെഞ്ഞെങ്കിലും ചേര്‍ന്ന ഒരാളെ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ തനിക്ക് പ്രണയം വിധിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിച്ച് തന്‍റെ ശിഷ്ടകാലം തന്‍റെ പെറ്റ് ഷോപ്പും നടത്തി ജീവിക്കാന്‍ അസറാഷി തീരുമാനിക്കുകയായിരുന്നു. 

ഫോണ്‍ തിരിച്ചുകൊടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം അസറാഷി വീണ്ടും ആ ചെറുപ്പക്കാരനെ കണ്ടു. ഇരുവരും സംസാരിച്ച് സൗഹൃദവും, ഫോണ്‍ നമ്പറും പങ്കുവച്ചു. തുടര്‍ന്ന്  പതിയെ പതിയെ പ്രണയത്തിലാവുകയായിരുന്നു. 

എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് അസറാഷി ചെറുപ്പക്കാരനോട് വയസ് ചോദിച്ചത്. 33 ആയിരുന്നു അയാളുടെ വയസ് അതായത് അസറാഷിയുടെ മകനെക്കാള്‍ ആറ് വയസ് ഇളയത്. ഒടുവില്‍ തന്‍റെ പ്രണയം മകനെ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. മകനോട് ഭയത്തോടെ പ്രണയത്തെക്കുറിച്ച് പറഞ്ഞ അസറാഷിയെ പക്ഷെ മകന്‍റെ മറുപടി ഞെട്ടിച്ചു. അമ്മയുടെ പ്രണയത്തെ പ്രോത്സാഹിപ്പിച്ചെന്ന് മാത്രമല്ല എന്ത് സഹായമാണ് താന്‍ ചെയ്ത് തരേണ്ടത് എന്നായി മകന്‍. ഒടുവില്‍ രണ്ട് കമിതാക്കളും വിവാഹം കഴിക്കാന‍് തീരുമാനിച്ചു.

മകനേക്കാള്‍ ഇരട്ടി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നതില്‍ യുവാവിന്‍റെ അമ്മ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ വഴങ്ങുകയായിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി. നിലവില്‍ സോള്‍മേറ്റിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു കല്യാണ ഏജന്‍സി നടത്തുകയാണ് ദമ്പതികള്‍. എല്ലാവരും എന്നെങ്കിലും പ്രണയം കണ്ടെത്തുമെന്നാണ് ഇവരുടെ പ്രത്യാശ.

ENGLISH SUMMARY:

A Japanese woman named Azarashi, at the age of 63, found her soulmate in a man 30 years her junior, proving that love knows no age. Their story began in a cafe when Azarashi found his lost phone. A single mother who had been divorced for over a decade, Azarashi had given up on finding love again. However, after their chance encounter, they fell in love.