ഡോണൾഡ് ട്രംപ് കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെ പ്രഫഷനലുകളെ ചൈനയിലേക്ക് എത്തിക്കാന്‍ ഷി ജിൻപിങ്ങിന്‍റെ ശ്രമം. കെ-വീസ പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള പ്രഫഷനലുകളെ രാജ്യത്തേക്ക് ക്ഷണിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ പ്രതിഭകള്‍ക്കായി ചൈനയുടെ വാതിൽ തുറക്കുന്നു. 

ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ പ്രൊഫഷനലുകളെ ആകർഷിക്കാനാണ് ചൈനയുടെ ശ്രമം. ഈ മേഖലകളില്‍ അമേരിക്ക തുടരുന്ന അപ്രമാധിത്യം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ തന്ത്രപരമായ നീക്കം. കെ-വീസ പദ്ധതിക്ക് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കി. 

ജോലിക്ക് സെഡ്–വീസ, പഠനത്തിന് എക്സ്–വീസ, ബിസിനസിന് എം–വീസ, ടൂറിസത്തിന് എൽ–വീസ, പ്രതിഭകൾക്കുള്ള ആർ– വീസ, ചൈനയിൽ ഇതുപോലെ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ വീസകളുണ്ട്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായി കെ–വീസയും എത്തിയിരിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ കെ–വീസ പദ്ധതിക്ക് ചൈന തുടക്കം കുറിക്കും. 

പരമ്പരാഗതമായി കുടിയേറ്റത്തെ കാര്യമായി പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെയാണ് പുതിയ നയംമാറ്റം ശ്രദ്ധേയമാകുന്നത്. വിദേശത്ത് നിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ചൈനയുടെ നീക്കം ട്രംപിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ENGLISH SUMMARY:

China's K-Visa program aims to attract global talent in STEM fields. This strategic move seeks to boost China's technological advancement and challenge US dominance in these sectors.