അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഭീതിയിലാക്കാന്‍ ഒരു പുസ്തകമെത്തുന്നു. സാമൂഹിക പ്രവർത്തകയായ വിർജിനീയ ജുഫ്രെയുടെ ആത്മകഥ ‘നോബഡീസ് ഗേൾ’ ട്രംപിനുനേരെയുള്ള ചൂണ്ടുവിരലാകുമെന്നാണ് വിവരം. അടുത്ത മാസം പുസ്തകം വായനക്കാരിലേക്കെത്തും. ട്രംപിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ പുസ്തകത്തിലില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കിയെങ്കിലും അതത്ര കണ്ട് വിശ്വസിച്ചിട്ടില്ല വായനാസമൂഹം. പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വായനക്കാര്‍.
തൻ്റെ സ്പായിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ട്രംപ് പറഞ്ഞതാണ് ഏറ്റവും പുതിയ ഉദാഹരണം. പിന്നീട് സാമൂഹ്യപ്രവർത്തകയായി മാറിയ വിർജീനിയ ജുഫ്രേ എന്ന ഈ വനിത എഴുതിയ നോബഡീസ് ഗേൾ വരുന്ന ഒക്ടോബറിൽ വെളിച്ചം കാണുകയാണ്. പുസ്തകം പുറത്തിറങ്ങുന്നതിനുമുമ്പ് വിർജീനിയ ആത്മഹത്യ ചെയ്തതോടെ നോബഡീസ് ഗേൾ -നു വേണ്ടി ലോകം മുഴുവൻ കാത്തിരിക്കുകയാണ്. പുസ്തകത്തിൽ ട്രംപിനെക്കുറിച്ച് ഒന്നുമില്ലെന്ന് പ്രസാധകർ പറഞ്ഞുകഴിഞ്ഞു. പക്ഷേ വിർജീനിയ പുസ്തകത്തിൽ ആരോപിക്കുന്ന മനുഷ്യക്കടത്ത് വീരൻ ജഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിൻ്റെ അടുത്ത ബന്ധം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.
ട്രംപിൻറെ ഉടമസ്ഥതയിലുള്ള ഫ്ളോറിഡയിലെ മാറലാഗോ റിസോർട്ടിൽ സ്പാ അറ്റൻഡൻഡായി ജോലി ചെയ്തിരുന്ന കാലത്തേതടക്കം ബാല്യത്തിലും കൗമാരത്തിലും നേരിട്ട പീഡനവും മനുഷ്യക്കടത്തിന് വിധേയയായ അനുഭവങ്ങളുമാണ് വിർജീനിയ തുറന്നുപറയുന്നത്. വ്യവസ്ഥയ്ക്കെതിരെ നടത്തിയ പോരാട്ടം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മനുഷ്യക്കടത്തിന് വിധേയരാകുന്ന പെൺകുട്ടികളെ രക്ഷിക്കാൻ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അവർ പിന്നീട് പ്രശസ്തയായി.
മനുഷ്യക്കടത്ത് ശൃംഖല നടത്തിയിരുന്ന ബാലപീഡകൻ ജഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമാണ് പുസ്തകത്തിലെ പ്രധാനവിഷയം. കൗമാരപ്രായക്കാരായ പെൺകുട്ടികളെ അമേരിക്കയിലെ പ്രമുഖ വ്യക്തികൾക്കും ധനികർക്കും ലൈംഗികആവശ്യങ്ങള്‍ക്കായി കാഴ്ചവച്ചിരുന്ന ക്രൂരനായ എപ്സ്റ്റീൻ മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
15 വർഷമായി തനിക്ക് എപ്സ്റ്റീനെ അറിയാമെന്ന് 2002ൽ പുറത്തിറങ്ങിയ ന്യൂയോർക്ക് മാസികയിൽ ട്രംപ് പറഞ്ഞിരുന്നു. ‘അപാര വ്യക്തിയാണ്. എന്നെപ്പോലെ അയാൾക്കും സുന്ദരികളായ പെൺകുട്ടികളെ വലിയ ഇഷ്ടമാണ്. അവരെല്ലാം കൊച്ചു പെൺകുട്ടികളുമാണ്’ അന്നു പറഞ്ഞതൊക്കെയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
എപ്‌സ്റ്റീന്റെ ശൃംഖലയുമായുള്ള ട്രംപിൻറെ ബന്ധത്തെക്കുറിച്ച് മുമ്പ് തന്നെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. വിർജീനയുടെ പുസ്തകത്തെ ബന്ധപ്പെടുത്തി ഇപ്പോൾ പൊതുചർച്ചകൾ ശക്തമായിരിക്കുകയാണ്. അതിനിടെയാണ് വിർജീനിയയെക്കുറിച്ച് ട്രംപിൻറെ കമൻറ് വരുന്നത്. എപ്സ്റ്റീൻ വിർജീനിയയെ തന്റെ സ്പായിൽനിന്ന് മോഷ്ടിച്ചുവെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇതാണ് വിർജീനിയയുടെ കുടുംബത്തെയും എന്തിന്, ട്രംപ് അനുകൂലികളെപ്പോലും അമ്പരപ്പിച്ചിരിക്കുന്നത്. അന്ന് 17 വയസു മാത്രം പ്രായമുണ്ടായിരുന്ന വിർജീനിയയെ എപ്സ്റ്റീൻ തട്ടിക്കൊണ്ടുപോയി എന്ന് ട്രംപിന് അറിയാമായിരുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നതെന്ന് കുടുംബം പ്രസ്താവനയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
റിസോർട്ടിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ എപ്സ്റ്റീൻ വാടകയ്ക്കെടുക്കാറുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതിന്റെ പേരിൽ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്നും എന്നിട്ടും എപ്സ്റ്റീൻ തെറ്റ് ആവർത്തിച്ചുവെന്നുമാണ് ട്രംപ് പറയുന്നത്. അതോടെ എപ്സ്റ്റീനെ റിസോർട്ടിൽനിന്ന് പുറത്താക്കി. താനും എപ്സ്റ്റീനുമായുള്ള ബന്ധം അങ്ങനെ അവസാനിക്കുകയും ചെയ്തു- ഇതാണ് ട്രംപിൻറെ നിലപാട്.
പിന്നീട് പല കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ട എപ്സ്റ്റീൻ 2019 ൽ ജയിലിലിൽ വച്ച് ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ വിഷയം കൂടുതൽ ദുരൂഹമായി. മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ ആത്മഹത്യയുടെ സിസിടിവി ദൃശ്യങ്ങളാണെന്ന പേരിൽ എഫ്ബിഐ കുറെ വിവരങ്ങൾ പുറത്തുവിട്ടു.
മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോപണം. എപ് സ്റ്റീൻറെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ഇതിനു കാരണമായത്. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് സംരംഭകൻ ടോം ബാരക്ക് എന്നിവരുമായി എപ് സ്റ്റീനിന് ദീർഘകാലത്തെ ബന്ധമുണ്ട്.
അമേരിക്കയുടെ മുൻ പ്രസിഡൻറ് ബിൽ ക്ലിൻറൺ, ഫെയ് സ് ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, മാധ്യമപ്രവർത്തക കാതറിൻ അന്ന കൂറിക്, പ്രശസ്ത നടൻ വുഡി അലൻ, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ബ്രിട്ടീഷ് മോഡൽ നവോമി കാംപ്ബെൽ, പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ് എന്നിവരെല്ലാം എപ് സ്റ്റീൻറെ പാർട്ടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
എപ്സ്റ്റീൻറെ ബ്ലാക്ക്ബുക്കുകൾ എന്ന രണ്ട് രഹസ്യ ഡയറികളിലുള്ള പേരുകൾ കേട്ടാൽ ഞെട്ടും. വിവിഐപികളായ റൂപ്പർട്ട് മുർഡോക്, ജോൺ കെറി, ടോണി ബ്ലെയർ, മുഹമ്മദ് ബിൻ സൽമാൻ തുടങ്ങി നിരവധി പേർ. ബിൽ ഗേറ്റ്സുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കാരണം എപ്സ്റ്റീനാണെന്നു വരെ മെലിൻഡ ഗേറ്റ്സ് പറഞ്ഞിരുന്നു.
എപ്സ്റ്റീൻറെ വീട്ടിൽനിന്ന് കണ്ടെടുത്ത നഗ്നചിത്രങ്ങളുടെ പൂർണവിവരം ഇപ്പോഴും അന്വേഷകർ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രങ്ങളുപയോഗിച്ച് എപ്സ്റ്റീൻ പല പ്രമുഖരെയും ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന ആരോപണവും അമേരിക്കൻ മാധ്യങ്ങൾ പുറത്തുവിട്ടിരുന്നു. എപ്സ്റ്റീനും വിർജീനിയയും "ആത്മഹത്യ" ചെയ്ത സ്ഥിതിക്ക് ഇതൊക്കെ പുറത്തുവരുന്ന കാര്യം സംശയമാണ്.