മലയാളി ഉള്ളിടത്തെല്ലാം ഓണമുണ്ടാകും. ഇനി കാണാന്‍ പോകുന്നത് നടുക്കടലിലെ ഓണാഘോഷക്കാഴ്ചയാണ്. പസഫിക് സമുദ്രത്തിലെ ഒരുകപ്പലിലെ മലയാളി നാവികരുടെ ഓണാഘോഷത്തിലേക്ക്.
കടലിന് നടുക്കാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാന്‍ പറ്റുമോ മലയാളികള്‍ക്ക്. അമേരിക്കയിൽ നിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്കിടെയിലാണെങ്കിലും കപ്പലിലെ ഓണം മൂഡ് മലയാളികള്‍ അങ്ങ് ഓണാക്കി. ഫ്ലീറ്റ് മാനേജ്മെന്റിന്റെ നോര്‍വീജിയന്‍ കപ്പലായ സ്പാര്‍ മയഐയില്‍ ആയിരുന്നു ആഘോഷം. കടലിന്റെ നടുക്ക് പൂക്കള്‍ കിട്ടാത്തതിനാല്‍ വ്യത്യസ്ത നിറത്തിലുള്ള തുണികള്‍ചെറു കഷണങ്ങളാക്കി പൂക്കളം ഒരുക്കി.
മാവേലി തമ്പുരാനും കപ്പലില്‍ സെറ്റ്. സദ്യവട്ടങ്ങളും റെഡി. വാഴയില ലഭിക്കാത്തത് കൊണ്ട് വാഴയിലയുടെ പ്രിന്റെടുത്ത് അതില്‍ സദ്യവിളമ്പി. ആലപ്പുഴ സ്വദേശി സുബ്രമണ്യൻ ഷാജി, കലൂർ സ്വദേശി യൂജിൻ ബെൻ, ഫോർട്ടുകൊച്ചി സ്വദേശി ശിവപ്രസാദ്, എന്നിവരാണ് ഗോവൻ സ്വദേശിയായ ക്യാപ്റ്റൻ ജേസൺ അബ്രിയോയുടെ നേതൃത്വത്തില്‍ കപ്പലില്‍ വെറൈറ്റി ഓണം ആഘോഷിച്ചത്.