Joseph David Emerson (Vickie Connor/The Oregonian via AP, Pool)
മാജിക് മഷ്റൂം കഴിച്ച് കോക്ക്പിറ്റില്‍ കയറുകയും പറക്കലിനിടെ വിമാനത്തിന്‍റെ എന്‍ജിനിലേക്കുള്ള ഇന്ധനം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുൻ അലാസ്ക എയർലൈൻസ് പൈലറ്റ് ശിക്ഷാര്‍ഹനെന്ന് കോടതി. കലിഫോര്‍ണിയയില്‍ നിന്നുള്ള വാണിജ്യ പൈലറ്റായ ജോസഫ് എമേഴ്സണാണ് യാത്രക്കിടെ സാഹസത്തിന് മുതിര്‍ന്നത്. അദ്ദേഹം തന്നെ കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ അപകടത്തിലാക്കിയതിലും പൈലറ്റ് എന്ന തന്‍റെ തൊഴിലിന് കളങ്കമുണ്ടാക്കിയതിലും ഖേദിക്കുന്നുവെന്നും ജോസഫ് എമേഴ്‌സൺ കോടതിയില്‍ പറഞ്ഞു.
2023 ഒക്ടോബർ 22ന് വാഷിങ്ടണിലെ എവെറെറ്റിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്ന ഹൊറൈസൺ എയർ വിമാനത്തിലാണ് സംഭവം. ഓഫ് ഡ്യൂട്ടിയിലായിരുന്ന ജോസഫ് എമേഴ്സണ്‍ കോക്ക്പിറ്റിലെ അധിക സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ എന്‍ജിനിലേക്കുള്ള ഇന്ധന സപ്ലൈ വിച്ഛേദിക്കാൻ ശ്രമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തെ ജീവനക്കാര്‍ കീഴ്പ്പെടുത്തുകയും വിമാനം പോർട്ട്‌ലാൻഡിലേക്ക് തിരിച്ചുവിടുകയും ചെയ്തു. 80 ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെ കൃത്യമായ ഇടപെടലില്‍ വിമാനം പോർട്ട്‌ലാൻഡില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.
വിമാനത്തിലെ യാത്രക്കാരോടും എയർലൈൻ പ്രൊഫഷണലുകളോടും മാത്രമല്ല ഈ സമൂഹത്തിനോട് തന്നെ തെറ്റ് ചെയ്തെന്ന് താന്‍ തിരിച്ചറിഞ്ഞു എന്നാണ് ജോസഫ് എമേഴ്സണ്‍ കോടതിയില്‍ പറഞ്ഞത്. ‘സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു’ അദ്ദേഹം പറഞ്ഞു. ഈ സംഭവമുണ്ടാകുന്ന കാലത്താണ് തന്‍റെ അടുത്ത സുഹൃത്ത് മരിച്ചത് ഈ മരണം തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. യാത്രയ്ക്ക് ഏകദേശം രണ്ട് ദിവസം മുമ്പ് സൈക്കഡെലിക് മഷ്റൂം (മാജിക് മഷ്റൂം) കഴിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. 40 മണിക്കൂറോളം താന്‍ ഉറങ്ങാതിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്ത് താൻ സ്വപ്നം കാണുകയായിരുന്നുവെന്നും മുകളിലേക്ക് കൈനീട്ടി ചുവന്ന ഹാൻഡിലുകളില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുമാണ് അദ്ദേഹം പറയുന്നത്. വിമാനത്തിന്‍റെ അഗ്നിരക്ഷാ സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും എന്‍ജിനുകളിലേക്കുള്ള ഇന്ധനം വിച്ഛേദിക്കുകയും ചെയ്യുന്ന ഹാന്‍ഡിലുകളിലാണ് പിടുത്തമിട്ടത്. പൈലറ്റും സഹ-പൈലറ്റും ചേർന്നാണ് തടഞ്ഞത്. തുടര്‍ന്ന് വിമാനം പോർട്ട്‌ലാൻഡിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. താന്‍ ആദ്യമായാണ് മാജിക് മഷ്റൂം കഴിക്കുന്നതെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്‍റെയും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെയും ജീവൻ രക്ഷിച്ചതിന് വിമാന ജീവനക്കാരോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തന്‍റെ പ്രവൃത്തിമൂലം കരിയർ നഷ്ടപ്പെടുകയും ജയിലിൽ കഴിയുകയും ചെയ്തെങ്കിലും ഇത് തന്നെ നല്ലൊരു മനുഷ്യനാക്കി മാറ്റിയെന്നാണ് ജോസഫ് എമേഴ്സണ്‍ കോടതിയെ അറിയിച്ചത്.
അതേസമയം, അദ്ദേഹത്തിന്‍റെ പ്രവൃത്തി യാത്രക്കാരെ കൊല്ലാന്‍ തരത്തിലുള്ളതായിരുന്നുവെന്നാണ് വിമാനത്തിലെ അന്നത്തെ യാത്രക്കാരിലൊരാളായ അലിസൺ സ്‌നൈഡർ കോടതിയിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ വിശദീകരണങ്ങളോ സാഹചര്യങ്ങളോ എന്തുതന്നെയായാലും ശിക്ഷ അപര്യാപ്തമാണെന്നും അന്നത്തെ പെരുമാറ്റം അദ്ദേഹത്തിന് ഒരു പൈലറ്റാകാനുള്ള വിവേചനശേഷിയില്ലെന്ന് കാണിച്ചു തരുന്നതാണെന്നും അലിസണ്‍ പറയുന്നു. ഇനി ഒരിക്കലും ഒരു ഫ്ലൈറ്റ് ഡെക്കിനടുത്തുപോലും ചെല്ലാന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്നും അലിസണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, കോക്ക്പിറ്റിൽ കയറാൻ അനുവദിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നു എന്നാണ് എയർലൈൻ അറിയിച്ചത്.
വെള്ളിയാഴ്ച സംസ്ഥാന കോടതി ജോസഫ് എമേഴ്സണ് 50 ദിവസത്തെ തടവ് ശിക്ഷ, അഞ്ച് വർഷത്തെ പ്രൊബേഷൻ, 60,569 ഡോളര്‍ പിഴ, 664 മണിക്കൂർ കമ്മ്യൂണിറ്റി സേവനം എന്നിവ ശിക്ഷയായി വിധിച്ചിട്ടുണ്ട്. മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയനാകണം, മദ്യം അടക്കമുള്ള ലഹരിയില്‍ നിന്ന് വിട്ട് നില്‍ക്കണം കൂടാതെ പ്രൊബേഷൻ ഓഫീസറുടെ അനുമതിയില്ലാതെ ഓപ്പറേറ്റ് ചെയ്യാവുന്ന വിമാനങ്ങളിൽ നിന്ന് കുറഞ്ഞത് 25 അടി അകലം പാലിക്കണം എന്നീ നിബന്ധനകളുമുണ്ട്. അതേസമയം, അദ്ദേഹത്തിനെതിരെയുള്ള ഫെഡറൽ കുറ്റം ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. ഈ കുറ്റം തെളിഞ്ഞാല്‍ പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഫെഡറൽ കേസിൽ ശിക്ഷ നവംബർ 17 ന് വിധിക്കും.