First responders work at the site of an accident involving Lisbon's Gloria funicular, a popular tourist attraction, which derailed and crashed, resulting in fatalities and injuries, according to authorities, in Lisbon, Portugal, September 3, 2025. REUTERS/Stringer
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വിദേശികള്‍ ഉള്‍പ്പടെ 18പേര്‍ക്ക് പരുക്കേറ്റു. ലിസ്ബണിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന യെലോ ആന്റ് വൈറ്റ് എല്‍വദോര്‍ ഡെ ഗ്ലോറിയ എന്ന ജനപ്രിയ ട്രാമാണ് പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെ തലകീഴായി മറിഞ്ഞത്. രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ ഉള്ളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെയെല്ലാം പുറത്തെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. വിദേശികളും പരുക്കേറ്റവരിലുണ്ട്. വളവിലെ കെട്ടിടത്തിലിടിച്ചാണ് ട്രാം തലകുത്തനെ മറിഞ്ഞത്. അതേസമയം, അപകടത്തിന്‍റെ കാരണം കൃത്യമായി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കുന്നിറങ്ങുന്നതിനിടെ ട്രാം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയത്. ട്രാമിന്‍റെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തിരുന്നുവെന്നാണ് കമ്പനി പറയുന്നത്.
ദുരന്തത്തെ തുടര്‍ന്ന് ഇന്ന് പോര്‍ച്ചുഗലില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും പരുക്കേറ്റവര്‍ക്കൊപ്പവും രാജ്യം ഉണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തമെന്നായിരുന്നു ലിസ്ബണ്‍ മേയറുടെ പ്രതികരണം. പോര്‍ച്ചുഗലിന്‍റെ ദേശീയ സ്മാരകമെന്നാണ് ദി എല്‍വദോര്‍ ഡി ഗ്ലോറിയയെ വിശേഷിപ്പിക്കുന്നത്. 40 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ട്രാമിനുള്ളത്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ട്രാമില്‍ യാത്ര ചെയ്യുന്നതിനായി ലിസ്ബണിലേക്ക് വര്‍ഷംതോറുമെത്തുന്നത്.