Image Credit: x.com/TheocharousH
ഒരു മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന അത്യാഡംബര നൗക നീറ്റിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങി. തുര്‍ക്കിയിലെ വടക്കന്‍ തീരത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഡോള്‍സ് വെന്‍റോയെന്ന 85 അടി നീളമുള്ള നൗകയാണ് സണ്‍ഗുല്‍ദാക്കിലെ തുറമുഖത്ത് നീറ്റിലിറങ്ങി 15 മിനിറ്റിനുള്ളില്‍ മുങ്ങിപ്പോയത്. നൗക മുങ്ങിയതോടെ ജീവനക്കാരും മുതലാളിയുമടക്കം പ്രാണരക്ഷാര്‍ഥം കടലിലേക്ക് എടുത്ത് ചാടി.
നൗക മുങ്ങുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. നൗക മുങ്ങാന്‍ തുടങ്ങിയതും ആളുകള്‍ അലമുറയിടുന്നത് വിഡിയോയില്‍ കേള്‍ക്കാം. അപകടമുണ്ടായെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നൗകയുടെ ഉടമ, ക്യാപ്റ്റന്‍, രണ്ട് ജീവനക്കാര്‍ എന്നിവരാണ് ഉള്ളിലുണ്ടായിരുന്നത്. വിവരമറിഞ്ഞതിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡും തുറമുഖം അധികൃതരും സ്ഥലത്തെത്തി.
കന്നിയാത്രയില്‍ തന്നെ നൗക മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, നൗകയുടെ ഘടനയിലെ മാറ്റമാകാം മുങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.