Image Credit: x

സി.ടി.സ്കാനിങിനിടെ അലര്‍ജി വന്ന് അഭിഭാഷകയായ 22കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ ആള്‍ടോ വാലെ റീജിയനല്‍ ഹോസ്പിറ്റലിലാണ് സംഭവം. ലെറ്റീഷ്യ പോളെന്ന യുവതിയാണ് മരിച്ചത്. ഓഗസ്റ്റ് 20നാണ് യുവതി സി.ടി. സ്കാന് വിധേയയായത്. സ്കാനിങിന് മുന്‍പായെടുക്കുന്ന അയഡിനേറ്റഡ് കോണ്‍ട്രാസ്റ്റ് ഡൈ കുത്തിവയ്പ്പാണ് ആണ് അലര്‍ജിയുണ്ടാകാന്‍ കാരണമായത്.

അനാഫെലറ്റിക് ഷോക്ക് ആണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന അതീവ ഗുരുതരമായ അലര്‍ജിക് റിയാക്ഷനാണ് അനാഫെലറ്റിക് ഷോക്ക്. ഇതനുഭവപ്പെടുന്ന വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ, തൊണ്ട നീരു വച്ചത് പോലെ വീര്‍ത്തു വരികയോ, രക്തസമ്മര്‍ദം അതിവേഗത്തില്‍ താഴ്ന്ന് പോകുകയോ ചെയ്യാം.

ശരീരത്തിലെ അവയവങ്ങളുടെയും കോശങ്ങളുടെയും ചിത്രങ്ങള്‍ വലിപ്പത്തില്‍ കാണുന്നതിനായാണ് സി.ടി.സ്കാനിലും എക്സ്–റേയിലും എംആര്‍ഐ സ്കാനിലും അയഡിനേറ്റഡ് കോണ്‍ട്രാസ്റ്റ് ഡൈ കുത്തിവയ്ക്കുന്നത്. താരതമ്യേനെ സുരക്ഷിതമാണ് ഇവയെന്നാണ് കരുതുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രമേ സാധാരണയായി അലര്‍ജിക് റിയാക്ഷന്‍ സംഭവിക്കാറുള്ളൂവെന്ന് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലെറ്റീഷ്യയുടെ  ജീവന്‍ രക്ഷിക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചുവെന്നും സാധിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലെറ്റീഷ്യയ്ക്ക് കിഡ്നി സ്റ്റോണിന്‍റെ ബുദ്ധിമുട്ടുകള്‍ മുന്‍പ് ഉണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തി. ദൗര്‍ഭാഗ്യകരമാണ് ലെറ്റീഷ്യയുടെ മരണമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:

CT scan allergy death occurred in Brazil. A young lawyer tragically passed away after experiencing a severe allergic reaction during a CT scan procedure involving iodinated contrast dye, highlighting the rare but potential risks associated with such medical imaging techniques.