കാലിഫോർണിയയില്‍ കാട്ടുപന്നികളുടെ മാംസം നീല നിറമായി മാറുന്നതായി റിപ്പോര്‍ട്ട്. നിയോൺ നീല, ബ്ലൂബെറി നീല എന്നീ നിറങ്ങളിലാണ് മാംസം കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ കാട്ടുപന്നിയുടെ മാംസം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അധികൃതര്‍. പന്നിയുടെ നീലമാംസത്തിന്‍റെ വിഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഈ നീല നിറം? എലികള്‍ പെരുകുന്നത് തടയാന്‍ ഉപയോഗിക്കുന്ന ഡിഫാസിനോണിൽ നിന്നുള്ള വിഷബാധയാണ് ഈ നിറം മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അണ്ണാൻ, എലികൾ എന്നിവ പെരുകുന്നത് നിയന്ത്രിക്കാനായാണ് ഡിഫാസിനോൺ ഉപയോഗിക്കുന്നത്. കാട്ടുപന്നികള്‍ ഈ വിഷം കഴിക്കുന്നതോടെ ചത്തൊടുങ്ങുകയും ഇവയുടെ മാംസം നീല നിറമാകുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ ഈ വിഷം നിര്‍മ്മിക്കുന്ന കമ്പനികള്‍ തന്നെയാണ് ഇതിന് നീല നിറം നല്‍കുന്നത്.
അതേസമയം, മാംസം പാചകം ചെയ്താലും വിഷം ഇല്ലാതാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിഫാസിനോണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂക്കിൽ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, മൂത്രത്തിൽ രക്തം, മലത്തിൽ രക്തം, വയറുവേദന, നടുവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, ശ്വാസതടസ്സം എന്നിങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മരണത്തിനുപോലും കാരണമായേക്കാം എന്നാണ് നാഷണൽ ജിയോഗ്രാഫിക് പറയുന്നത്.
ഡിഫാസിനോൺ വിഷബാധ കാട്ടുപന്നികളെ മാത്രമല്ല, മൂങ്ങകൾ, തേനീച്ചകൾ, കരടികൾ, സിംഹങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മൃഗങ്ങളെയും ബാധിക്കുന്നുണ്ട്. മുൻകരുതൽ നടപടിയായി കാലിഫോർണിയ ഡിഫാസിനോൺ ഉപയോഗം നിയന്ത്രിച്ചിരിക്കുകയാണ്.